കാര്‍ഷിക സര്‍വകലാശാലാ ക്ലാസ് ഫോര്‍ നിയമനം അടിയന്തരമായി പൂര്‍ത്തിയാക്കണം:യുവജന കമ്മീഷന്‍



എച്ച്  സുധീര്‍

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ തസ്തികയിലേക്കുള്ള നിയമനം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നു സംസ്ഥാന യുവജന കമ്മീഷന്റെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലാ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ക്ലാസ് ഫോര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എട്ടു വര്‍ഷം പിന്നിട്ടിട്ടും പരീക്ഷ നടത്തി നിയമനത്തിനു തയ്യാറാവുന്നില്ലെന്ന് കഴിഞ്ഞ 22ന് തേജസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണു നടപടി. വിഷയത്തില്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് മുമ്പ് യുവജന കമ്മീഷന്‍ കത്തയച്ചിരുന്നു. നിയമനത്തിനു സത്വര നടപടി സ്വീകരിച്ചുവരികയാണെന്നു ജൂണില്‍ നല്‍കിയ മറുപടിയില്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ മറുപടിയും നല്‍കി.  ഈ തസ്തികയിലേക്ക് 2009 ഒക്ടോബര്‍ 22നാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 39,580 അപേക്ഷകളാണു ലഭിച്ചത്. അപേക്ഷാ ഫീസ് ഇനത്തില്‍ 50,85,850 രൂപയും സര്‍വകലാശാലയ്ക്ക് ലഭിച്ചു. എന്നാല്‍, 2010ല്‍ കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിനു പിഎസ്‌സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2009ലെ അപേക്ഷകളിലും നടപടികള്‍ ഇഴഞ്ഞുനീങ്ങിയതോടെ ലോകായുക്തയിലും ഹൈക്കോടതിയിലും പരാതിയെത്തി. പരീക്ഷ നടത്തണമെന്ന നിലപാടിനോട് ലോകായുക്തയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുകൂല സമീപനമെടുത്തു. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ ഒഴിവായിട്ടും തുടര്‍ നടപടികള്‍ വൈകി. ഇത്രയേറെ അപേക്ഷകരുള്ളതിനാല്‍ പരീക്ഷാ നടത്തിപ്പ് എല്‍ബിഎസിനെ ഏല്‍പ്പിച്ചതായാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പരീക്ഷാര്‍ഥികള്‍ക്കുള്ള സെന്ററുകള്‍ അനുവദിക്കുന്നതു ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ട തുക എല്‍ബിഎസിന് കൈമാറാത്തതിനാലാണ് നടപടികള്‍ വൈകുന്നത്. പണം കൈമാറാനുള്ള എഗ്രിമെന്റില്‍ ഒപ്പുവച്ചാല്‍ മൂന്നു മാസത്തിനകം പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് കൈമാറാമെന്നാണ് എല്‍ബിഎസ് നിലപാട്.
Next Story

RELATED STORIES

Share it