Flash News

കാര്‍ഷിക വായ്പ : കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍ ; ആകെ എഴുതിത്തള്ളേണ്ട വായ്പാതുക 3.1 ലക്ഷം കോടി



ന്യൂഡല്‍ഹി: വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ആരംഭിച്ച സമരത്തില്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത സമ്മര്‍ദം. പ്രായോഗികമല്ലാത്ത ആവശ്യമെന്ന നിലയിലാണു കേന്ദ്രസര്‍ക്കാര്‍ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തെ കാണുന്നത്. 3.1 ലക്ഷം കോടിയാണു നിലവില്‍ രാജ്യത്തെ കാര്‍ഷികവായ്പ. ഇത് 2016-17 കാലത്തെ ആഭ്യന്തര ഉല്‍പാദന നിരക്കിന്റെ (ജിഡിപി) 2.6 ശതമാനമാണ്. ഇത് ഗ്രാമീണ റോഡ് വികസനത്തിനായി സര്‍ക്കാര്‍ വകയിരുത്തിയ തുകയുടെ 16 ഇരട്ടിയുമാണ്. പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തമിഴ്‌നാട് എന്നിവിടങ്ങളിലാണു നിലവില്‍ ശക്തമായ കര്‍ഷകസമരം ആരംഭിച്ചിട്ടുള്ളത്. ഇതില്‍ മഹാരാഷ്ട്ര 30,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. കാര്യമായ കര്‍ഷകസമരമൊന്നും രൂപപ്പെട്ടിട്ടില്ലെങ്കിലും സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശും 36,359 കോടിയുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനോടൊന്നും അനുകൂല നിലപാടല്ല കേന്ദ്രത്തിനുള്ളത്. 36,600 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നാണു പഞ്ചാബിന്റെ ആവശ്യം. മധ്യപ്രദേശ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട കാര്‍ഷികകടം 56,047 കോടിയാണ്. ഗുജറാത്ത് 40,650 കോടി, ഹരിയാന 56,000 കോടി, തമിഴ്‌നാട് 7,760 കോടി, കര്‍ണാടക 52,500 കോടി എന്നിങ്ങനെ തുകയാണ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കടങ്ങള്‍ എഴുതിത്തള്ളുന്നത് 32.8 മില്യന്‍ കര്‍ഷകര്‍ക്കാണു സഹായമാവുക. എന്നാല്‍ നേരത്തെ കടങ്ങള്‍ എഴുതിത്തള്ളിയത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ നിലപാട്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലത്തിനിടയ്ക്ക് 88,988 കോടി കാര്‍ഷിക കടങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിത്തള്ളിയിരുന്നു. 2008ല്‍ യുപിഎ സര്‍ക്കാരാണ് സമീപകാലത്തെ ഏറ്റവും വലിയ കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത്. 52,000 കോടിയുടെ വായ്പയാണു രാജ്യവ്യാപകമായി എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ കര്‍ഷക ആത്മഹത്യയില്‍ കാര്യമായ കുറവൊന്നുമുണ്ടായില്ലെന്നാണു സര്‍ക്കാര്‍ വാദിക്കുന്നത്. അതേസമയം, കര്‍ഷകരുടെ പ്രതിസന്ധിയെത്തുടര്‍ന്നുള്ള സമ്മര്‍ദം ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സമ്മര്‍ദത്തിലേക്കു ബാങ്കുകളെ നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it