palakkad local

കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധം: എം.പി.

പാലക്കാട്: ഇന്ത്യ നേരിടുന്ന കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടത്തിന്റെ ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാവണമെന്ന് എം ബി രാജേഷ് എം. പി. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം പാലക്കാട് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് നടത്തിയ ഞാറ്റുവേല കാര്‍ഷികദിന പരിപാടിയും ചര്‍ച്ചാ ക്ലാസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളിക്ക് മണ്ണിന്റെ സംസ്‌കാരം നഷ്ടമായികൊണ്ടിരിക്കുകയാണെന്നും പുതുതലമുറക്ക് പാടവരമ്പുകള്‍ കൗതുക കാഴ്ച്ചയായെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ അന്നദാതാക്കളാണ് കര്‍ഷകരെന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മൊത്തം പ്രശ്‌നങ്ങളാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി പി മുഹമ്മദ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തില്‍ താളും തകരയും ഭക്ഷിച്ച് വിശപ്പടക്കിയ ഭാരതീയര്‍ ഇന്ന് ജീവിക്കുന്നത് കാര്‍ഷിക കയറ്റുമതിയില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്ന രാജ്യത്താണെന്നത് അഭിമാനകരമായ കാര്യമാണെന്നും അതിന് കാരണക്കാര്‍ കര്‍ഷകരും കൃഷി ശാസ്ത്രജ്ഞരും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ണിനേയും പ്രകൃതിയേയും അറിഞ്ഞുകൊണ്ടുള്ള കൃഷിയും കാലാവസ്ഥയില്‍ വന്ന താളപ്പിഴകളും ചര്‍ച്ചാ വിഷയമായി.
ചടങ്ങില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍, ഇ കെ മുഹമ്മദ്കുട്ടി ഹാജി, പട്ടാമ്പി ഗ്രാമപ്പഞ്ചായത്ത് അംഗം ടി പി പ്രിയ, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം സി നാരായണന്‍ കുട്ടി, എം എല്‍ ജ്യോതി സംബന്ധിച്ചു.
Next Story

RELATED STORIES

Share it