kannur local

കാര്‍ട്ടൂണുകള്‍ മുതല്‍ ബാഹുബലി വരെ; രുചിക്കൂട്ടൊരുക്കി കേക്ക് പ്രദര്‍ശനം



തലശ്ശേരി: തലശ്ശേരി നഗരസഭയുടെ 150ാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ ബേക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കേക്ക് പ്രദര്‍ശനവും മല്‍സരവും വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ ബേക്കറികളില്‍ നിന്നു നിര്‍മിച്ച വിവിധ രൂപങ്ങളിലും രുചികളിലുമുള്ള 150 ഓളം കേക്കുകളാണ് പ്രദര്‍ശനത്തിന് അണിനിരത്തിയത്. സാധാരണ ബേക്കറികളില്‍ കാണാറുള്ള കേക്കുകള്‍ക്കു പുറമെ വിവധ പ്രസിദ്ധീകരണങ്ങളുടെയും കാര്‍ട്ടൂണുകളുടെയും ദേവാലയങ്ങളുടെയും കലാരൂപങ്ങളുടെയും വിവാഹങ്ങളുടെയും മാതൃകയിലാണ് പലരും മല്‍സരത്തിനായി കേക്കുകള്‍ രൂപകല്‍പന ചെയ്തത്. അടുത്ത ദിവസം പ്രദര്‍ശനത്തിനെത്തിയ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കവര്‍ചിത്രത്തിന്റെ രൂപത്തില്‍ നിര്‍മിച്ച കേക്കും പ്രദര്‍ശനത്തില്‍ ഇടംനേടി. ‘അപ്പക്കൂട് പെരുമ2017 എന്ന പേരിലാണ് തലശ്ശേരിയുടെ പഴയകാല പാരമ്പര്യം വിളിച്ചോതുന്ന കേക്ക് മഹിമ വിളംബരം ചെയ്യുന്ന പ്രദര്‍ശനം സംഘടിപ്പിച്ചത്. കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. നാടിന്റെ പരമ്പരാഗത ഭക്ഷ്യ ശീലങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ മാത്രമേ രോഗങ്ങളില്‍ നിന്നു രക്ഷ നേടാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വലിയ പരസ്യങ്ങള്‍ പൊതു അഭിരുചി നിശ്ചയിക്കുന്നതിനെതിരേ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷത വഹിച്ചു. അപ്പക്കൂട് പെരുമയുടെ രണ്ടാം ദിവസമായ ഇന്നലെ 40 അടി പിസ്സയുടെ പ്രദര്‍ശനവും നടന്നു.
Next Story

RELATED STORIES

Share it