കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

വാഴൂര്‍ (കോട്ടയം): നര്‍മത്തില്‍ ചാലിച്ച കാര്‍ട്ടൂണുകളാല്‍ അഞ്ചു പതിറ്റാണ്ടോളം വേറിട്ട വ്യക്തിത്വം പുലര്‍ത്തിയ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ (സോമനാഥന്‍- 76) അന്തരിച്ചു. ആറുമാസമായി കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ പൊന്‍കുന്നത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ ശങ്കേഴ്‌സ് വീക്കിലി, ബ്ലിസ്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എച്ച്എംടിയില്‍ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച് 1993ല്‍ സ്വയം വിരമിച്ചശേഷം മുഴുനീള കാര്‍ട്ടൂണ്‍ രചനയിലേക്ക് തിരിയുകയായിരുന്നു. കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറിയായിരുന്നു.
രാഷ്ട്രീയ-സാമൂഹിക കാര്‍ട്ടൂണുകളിലൂടെയും നര്‍മലേഖനങ്ങളിലൂടെയും മലയാള പത്രപ്രവര്‍ത്തനമേഖലയില്‍ നാഥന്‍ ഏറെ ജനശ്രദ്ധ നേടി. ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണ്‍ അക്കാദമിയുടെ കെ എസ് പിള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നര്‍മലേഖനങ്ങളുടെ സമാഹാരം സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലത്തെ കാര്‍ട്ടൂണ്‍ ജീവിതം ആസ്പദമാക്കി പ്രസിദ്ധീകരിച്ച ഗോളങ്ങളുടെ രാജകുമാരന്റെ സുവിശേഷം എന്ന പുസ്തകം 31ന് പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു മരണം.
സംസ്‌കാരം പള്ളിക്കത്തോട് മുക്കാലിയിലുള്ള സാഗരിക എന്ന സ്വവസതിയില്‍ നടത്തി. ഭാര്യ: ഗീത സോമന്‍. മക്കള്‍: കവിത, രഞ്ജിത്ത് (ഇരുവരും കാനഡ). മരുമക്കള്‍: മധു, വീണ.
Next Story

RELATED STORIES

Share it