thrissur local

കാരാപ്പാടം- കുറ്റിച്ചിറ കുടിവെള്ള പദ്ധതി അവതാളത്തിലായി



ചാലക്കുടി: കാരാപ്പാടം-കുറ്റിച്ചിറ കുടിവെള്ള പദ്ധതി അവതാളത്തിലായി. കുടിവെള്ളത്തിന് പകരം ചളിവെള്ളം ലഭിക്കുന്നതിനെ തുടര്‍ന്ന് പദ്ധതിയുടെ ഗുണഭോക്താക്കളായവര്‍ ദുരിതത്തിലായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച പദ്ധതി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് അവതാളത്തിലായത്. ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച പദ്ധതിയിപ്പോള്‍ ഫലമില്ലാതായി മാറി. ഏരേരികുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. കുളത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്താതാണ് പദ്ധതി പാളിയതിന്റെ ഒരു കാരണം. ചണ്ടിയും, പായലും, ചളിയും നിറഞ്ഞ് കുളം ഉപയോഗശ്യൂനമായി മാറി. ഈ വെള്ളമാണ് പമ്പ് ചെയ്ത് വീടുകളിലെത്തിക്കുന്നത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് വെള്ളം ഉപയോഗിക്കാനാതകാത്ത അവസ്ഥയായതോടെ ദൂരദിക്കുകളില്‍ നിന്നും വെള്ളം ചുമന്ന് കൊണ്ടുവരേണ്ട ഗതികേടായി ഇവിടെയുള്ളവര്‍ക്ക്.സാവത്രി ലക്ഷ്മണന്‍ എം.എല്‍.എ.ആയിരുന്ന കാലത്താണ് രണ്ട് മോട്ടോറുകളുടെ പമ്പ് ഹൗസ് സ്ഥാപിച്ച് പദ്ധതി ആരംഭിച്ചത്. കുളം ശുചീകരിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിക്കാനാകാതായി. ഇതിനിടെ കറന്റ് ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ പമ്പ് ഹൗസ് പ്രവര്‍ത്തിക്കാതെയായി. തുടര്‍ന്ന് പുതിയ മോട്ടോര്‍ സ്ഥാപിച്ച് ഇതിനടുത്ത് തന്നെ പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചു. ശുദ്ധജലം ലഭിക്കാനായി കുളത്തിനോട് ചേര്‍ന്ന് കിണറും നിര്‍മ്മിച്ചു. എന്നാല്‍ കിണറിലേക്ക് കുളത്തിലെ വെള്ളം ഒഴുകിയെത്തിയതോടെ ഗുണഭോക്താക്കള്‍ക്ക് വീണ്ടും ലഭിച്ചത് ദുര്‍ഗന്ധമുള്ള ചെളിവെള്ളം തന്നെയായിരുന്നു. കോടശ്ശേരി പഞ്ചായത്തിലെ മൂന്ന് വാര്‍ഡിലുള്ളവര്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തത്. പ്രതിമാസം എഴുപത്തിയഞ്ച് രൂപ വീതം ഓരോ വീട്ടുകാരില്‍ നിന്നും ഈടാക്കിയിരുന്നു. ഈ തുകക്ക് പതിനായിരം ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് അധിക പണം നല്‍കണം. പണം നല്‍കിയിട്ടും ശുദ്ധജലം കിട്ടാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പരിഹരിക്കാനായി പമ്പ് ഹൗസിന് സമീപത്തെ ഒരു പറമ്പില്‍ പുതിയൊരു കുളം നിര്‍മ്മിച്ചെങ്കിലും ഉപയോഗിക്കാനായില്ല. ഈ വകയിലും വന്‍ തുക ചെലിട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്താണ് കോടശ്ശേരി. പദ്ധതിയിലെ പാകപിഴകള്‍ പരിഹരിച്ച് ശുദ്ധജലവിതരണം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it