kozhikode local

കാരശ്ശേരി ബാങ്കിന്റെ ബിസി സെന്ററില്‍ അക്രമം: നാലു പേര്‍ക്ക് പരിക്ക്

മുക്കം: കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ചേന്ദമംഗലൂരിലെ ബിസിനസ് കറസ്‌പോണ്ടന്റ് സെന്ററില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ ജീവനക്കാരി ബേബി ഖദീജയയെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
മുക്കം സഹകരണ ബാങ്കിലെ ചില ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സെന്ററില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങളും ഫയലുകളും നശിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഖദീജ നല്‍കിയ പരാതിയില്‍ പറയുന്നു. കാരശ്ശേരി ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് സെന്റര്‍ മെയ് 15 നാണ് ചേന്ദമംഗലൂരില്‍ തുറന്നത്. ഇത് മുക്കം സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ അതിക്രമിച്ചു കയറി ശാഖ തുടങ്ങുകയാണെന്നാരോപിച്ച് ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമെത്തി തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കിയിരുന്നു.
പോലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കാരശ്ശേരി പഞ്ചായത്തിനു പുറത്ത് ശാഖകള്‍ തുറക്കുന്നതിനു മാത്രമെ തടസ്സമുള്ളുവെന്നും ബിസിനസ് റെസ്‌പോണ്ടന്റ് സെന്റര്‍ തുടങ്ങുന്നതിന് വിലക്കില്ലെന്നും കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. നാട്ടുകാരുടെ അവശ്യം പരിഗണിച്ചാണ് സെന്റര്‍ തുടങ്ങിയത്.
ഒരു ജീവനക്കാരി മാത്രമുള്ള ഇവിടെ അതിക്രമിച്ചു കയറി അക്രമം കാണിക്കുകയും ജീവനക്കാരിയെ അക്രമിക്കുകയും ചെയ്യുകയാണുണ്ടായതെന്നും പറഞ്ഞു. നിയമ ലംഘനമുണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ നിയമ നടപടികളും പ്രതിഷേധ നടപടികളുമൊക്കെ നടത്താമെന്നിരിക്കെ അക്രമത്തിനു മുതിരുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, കാരശ്ശേരി സഹകരണ ബാങ്ക് ബിസിനസ് കറസ്‌പോണ്ടന്റ് സെന്റര്‍ എന്ന പേരില്‍ ബാങ്കിന്റെ ശാഖയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുക്കം സഹകരണ ബാങ്ക് അധികൃതര്‍ പറയുന്നത്.
ഇതിനെതിരേ പ്രതിഷേധിക്കാനെത്തിയവരെ കാരശ്ശേരി ബാങ്കിലെ ചില ജീവനക്കാരും ഏതാനും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചതായി അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ബാങ്ക് ഡയറക്ടര്‍ ജാക്വിലിന്‍ ജില്‍സ്, പി രാജീവ്, എന്‍ ഐ അബ്ദുല്‍ റഷീദ് എന്നിവരെ മുക്കം സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it