Middlepiece

കാരണം, ഈയാഴ്ച പ്രിന്‍സ് മരിച്ചു

റോബര്‍ട്ട് ഫിസ്‌ക്

സംഭവങ്ങള്‍ വാര്‍ത്തയാക്കുന്നതിനിടയില്‍ നമ്മുടെ ധാര്‍മികബോധവും സത്യസന്ധതയും അലഞ്ഞുതിരിയുകയാണോ? കഴിഞ്ഞയാഴ്ച 63 അഫ്ഗാന്‍കാരാണ് കാബൂളില്‍ കൊല്ലപ്പെട്ടത്. 340 പേര്‍ക്കു പരിക്കേറ്റു. 15 വര്‍ഷത്തിനുള്ളില്‍ കാബൂളില്‍ നടന്ന ഏറ്റവും വലിയ ബോംബ് സ്‌ഫോടനമായിരുന്നു അത്. വിശിഷ്ട പരിശീലനം നേടിയ സുരക്ഷാസേന വസിക്കുന്ന കോട്ടയുടെ ചുവരില്‍ തന്നെയാണ് താലിബാന്‍ സ്‌ഫോടനം നടത്തിയത്. വിശിഷ്ട പരിശീലനം നേടിയവര്‍ എന്നതു പ്രത്യേകം ശ്രദ്ധിക്കണേ! അവരാണു തലസ്ഥാനത്തിനു സുരക്ഷ നല്‍കുന്നവര്‍. സ്‌ഫോടനത്തില്‍ കുടുംബങ്ങള്‍ ഒന്നായി നശിപ്പിക്കപ്പെട്ടു. അവര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടിവന്നില്ല. ഒരുനിമിഷാര്‍ധത്തില്‍ പിതാവും മാതാവും മൂന്നു കുഞ്ഞുങ്ങളും ചാമ്പലാവുകയായിരുന്നു. നഗരത്തിലെ 15 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പറയപ്പെടുന്നു. ഒരു ആംബുലന്‍സില്‍ പരിക്കേറ്റവരെ കുത്തിനിറച്ചപ്പോള്‍ അതിന്റെ പിന്‍വാതില്‍ ഇളകിവീണുവത്രെ!
ആ ആഴ്ച തന്നെയാണ് പ്രശസ്ത അമേരിക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് അമിതമായി മയക്കുമരുന്നു കഴിച്ച കാരണം മരണമടയുന്നത്.
കാബൂളും പരിസരപ്രവിശ്യകളും സുരക്ഷിതമായതിനാല്‍ അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കു തിരിച്ചുപോവാമെന്നും അവര്‍ തിരിച്ചുപോവുന്നുവെന്നും ബ്രിട്ടനും സഖ്യരാജ്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നു. ശുദ്ധ നുണയാണത്. 2003ല്‍ ഇറാഖ് അധിനിവേശത്തിനു കാരണമായി സദ്ദാം ഹുസയ്ന്‍ വന്‍ നശീകരണായുധങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നു ടോണി ബ്ലെയര്‍ പറഞ്ഞതുപോലുള്ള നുണ. അതിനുമുമ്പുതന്നെ സപ്തംബര്‍ 11നു പ്രതികാരമായി അഫ്ഗാനിസ്താന്‍ കീഴടക്കിയപ്പോള്‍ നാം അവരെ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. സോവിയറ്റ് സൈന്യത്തിന്റെ പലായനത്തിനുശേഷവും നാം അവര്‍ക്ക് അത്തരം വാഗ്ദാനം നല്‍കിയിരുന്നു. പറഞ്ഞത് ബ്ലെയര്‍ ആയതിനാല്‍ അതിനൊന്നും കാല്‍ക്കാശിന്റെ വിലയില്ലായിരുന്നു എന്നു നമുക്കറിയാം.
അഫ്ഗാന്‍ ടിവിയില്‍ കഴിഞ്ഞയാഴ്ച മറ്റൊരു വാര്‍ത്ത വന്നിരുന്നു. രണ്ട് അമേരിക്കന്‍ ഉപദേശകരെ കൊന്നതിനു വിചാരണ നേരിടുന്ന സബുര്‍ എന്ന ചെറുപ്പക്കാരന്‍ തനിക്കതില്‍ ഒരു ഖേദവുമില്ലെന്ന് കോടതിയില്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ സബുറിനെ പിന്തുണയ്ക്കുകയായിരുന്നു. അവന്‍ ഒരു യഥാര്‍ഥ അഫ്ഗാനിയാണ് എന്നായിരുന്നു പലരുടെയും കമന്റ്. പൂര്‍ണമായി അഴിമതി നിറഞ്ഞ അഫ്ഗാന്‍ ഭരണകൂടത്തോടുള്ള പുച്ഛമാണ് അതിലുണ്ടായിരുന്നത്. അവിടെയുള്ളത് ഒരു വ്യാജ ഭരണമാണ്. അമേരിക്കന്‍ മാതൃകയിലുള്ള ജനാധിപത്യം സ്ഥാപിക്കുന്നത് പോട്ടെ, അഫ്ഗാനികള്‍ക്ക് സുരക്ഷ നല്‍കാന്‍പോലും നാം നിയോഗിച്ച ഉപദേഷ്ടാക്കള്‍ക്കു കഴിഞ്ഞില്ല.
എന്നാലെന്താ, കഴിഞ്ഞയാഴ്ച പ്രിന്‍സ് മരിച്ചു. മെഡിറ്ററേനിയനില്‍ കഴിഞ്ഞയാഴ്ച 500 അഭയാര്‍ഥികളാണ് ബോട്ട് മുങ്ങി മരിച്ചത്. ലിബിയയില്‍നിന്നുള്ള ചെറിയൊരു ബോട്ടില്‍ ലിബിയക്കാരും സുദാനികളും സോമാലികളും എത്യോപ്യക്കാരുമുണ്ടായിരുന്നു. ഗ്രീസില്‍ കരയണയാന്‍ ഭാഗ്യമുണ്ടായ ചിലര്‍ ബന്ധുക്കള്‍ മുങ്ങിച്ചാവുന്നത് കണ്ടു. അതിന്റെ പടങ്ങളില്ല, വീഡിയോയില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. അയ്‌ലന്‍ കുര്‍ദിയെപ്പോലെയുള്ള ഒരോമനയുടെ മൃതദേഹം കാമറകള്‍ക്കായി തീരമണഞ്ഞില്ല. ഒരിക്കലും യൂറോപ്പിലെത്താത്ത ആയിരങ്ങളോടൊപ്പം അവര്‍ കടലിന്റെ ഇരുണ്ട അഗാധതയിലേക്കു താഴ്ന്നു. ടൈറ്റാനിക്ക് കപ്പല്‍ഛേദത്തില്‍ മരിച്ചവരുടെ മൂന്നിലൊരു ഭാഗം വരുമത്. എന്നാല്‍, ഒരു സൈഡ് സ്റ്റോറിയും വന്നില്ല.
കാരണം, കഴിഞ്ഞയാഴ്ച പ്രിന്‍സ് മരിച്ചു. പ്രിന്‍സിന്റെ മരണത്തില്‍ ആയിരങ്ങള്‍ ദുഃഖിച്ചത് അവഗണിക്കുകയല്ല ഞാന്‍. ബഹുമിടുക്കനായ ആ ഗായകന്‍ പോപ് സംഗീതത്തില്‍ വലിയ വിപ്ലവം തന്നെയുണ്ടാക്കി. എന്നാല്‍, പ്രിന്‍സ് മരിച്ചപ്പോള്‍ പാരിസിലെ ഈഫല്‍ ടവര്‍ ദുഃഖത്തിന്റെ നിറമണിയുന്നതും ഒരമേരിക്കന്‍ പട്ടണത്തിലെ മേയറുടെ ദുഃഖം ചാലിട്ടൊഴുകുന്നതും ടിവിയില്‍ വരുമ്പോള്‍ നമ്മുടെ മുന്‍ഗണനകളെപ്പറ്റി സംശയം കൂടുന്നു. അഫ്ഗാനിസ്താനില്‍ കൊല്ലപ്പെടുന്നവര്‍, മെഡിറ്ററേനിയനില്‍ മുങ്ങിച്ചത്തവര്‍- അവര്‍ക്കുവേണ്ടിയും വിലാപം വേണ്ടേ!
വേണ്ട. കാരണം, ഈയാഴ്ച പ്രിന്‍സ് മരിച്ചു.
Next Story

RELATED STORIES

Share it