കായികമേള കാണികള്‍ വന്‍ വിജയമാക്കി: ഒളിംപ്യന്‍ പി അനില്‍കുമാര്‍

സ്വന്തം പേരിലുള്ള ദേശീയ റെക്കോഡുകള്‍ തന്നെ നിരവധി തവണ തിരുത്തിയെഴുതി ഒളിംപിക്‌സുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായ താരമാണ് മലയാളി അത്‌ലറ്റ് പി അനില്‍കുമാര്‍. 2000ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ വെള്ളി നേടി അദ്ദേഹം ചരിത്രം കുറിച്ചിട്ടുണ്ട്.
2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ 100, 200, 4-100 മീ റിലേ എന്നിവയില്‍ ഇന്ത്യക്കായി മല്‍സരിച്ച അനില്‍കുമാര്‍ 100, 200 എന്നിവയില്‍ ദേശീയ റെക്കോഡ് കുറിക്കുകയും ചെയ്തിരുന്നു. നിലവില്‍ താരത്തിന്റെ പേരിലുള്ള 100 മീറ്ററിലെ 10.21 സെക്കന്റെന്ന 2005ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. തുടര്‍ച്ചയായി 12 വര്‍ഷം ദേശീയ ചാംപ്യനായ അനില്‍കുമാര്‍ കായികമേളയെക്കുറിച്ച് തേജസിനായി വിലയിരുത്തുന്നു.


കോഴിക്കോട്: ജനപങ്കാളിത്തം കൊണ്ടും നടത്തിപ്പ് കൊണ്ടും കോഴിക്കോട്ട് ഇന്നലെ സമാപിച്ച 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള വന്‍ വിജയമായി മാറിയെന്ന് ഒളിംപ്യന്‍ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കലയെയും സ്‌പോര്‍ട്‌സിനെയും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. അവര്‍ ഇത്തവണയും അതിനു മാറ്റം വരുത്തിയില്ല- അദ്ദേഹം പറഞ്ഞു.
മേളയുടെ സംഘാടനമികവിനെ അഭിനന്ദിക്കുന്നു. കാര്യമായ പാളിച്ചകളൊ ന്നും സംഭവിക്കാതെ കൃത്യമായ ടൈം ഷെഡ്യൂളില്‍ മല്‍സരങ്ങള്‍ തീര്‍ക്കാന്‍ അവര്‍ക്കു സാധിച്ചു. മീറ്റിന്റെ നാലു ദിവസ വും ഞാന്‍ ഇവിടെയെത്തിയിരുന്നു. മികച്ച പ്രകടനമാണ് താരങ്ങള്‍ കാഴ്ചവച്ചത്. ട്രാക്കും നല്ല നിലവാരമുള്ളതാണ്. സ്പീഡ് ട്രാക്കാണിത്. ഇതു താരങ്ങളെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു - അനില്‍കുമാര്‍ വിശദമാക്കി.
നേരത്തേ ആര്‍മിയിലായിരുന്ന അദ്ദേഹം ഇപ്പോള്‍ കൊല്ലം സായ് ടീമിന്റെ പരിശീലകനാണ്. ഈ മീറ്റില്‍ സായിയുടെ അലന്‍ ചാര്‍ലി സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ചാംപ്യനായിരു ന്നു. അടുത്ത മീറ്റില്‍ സായിയില്‍ നിന്ന് കൂടുതല്‍ ചാംപ്യന്‍മാരുണ്ടാവുമെന്ന് അനില്‍കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാര്യ നിഷ, മക്കളായ ആദിത്യന്‍, ശിഖ എന്നിവര്‍ക്കൊപ്പം ഹരിപ്പാട്ടാണ് അദ്ദേഹം താമസിക്കുന്നത്.
Next Story

RELATED STORIES

Share it