Editorial

കാപട്യത്തിന്റെ നിറഞ്ഞാട്ടങ്ങള്‍

ജനാധിപത്യത്തിന്റെ സാധ്യതകളെയും സങ്കേതങ്ങളെയും തന്നെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ തകര്‍ക്കുക എന്നതാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം. അത് എപ്പോഴും മുമ്പിലുള്ള യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയും സ്വപ്‌നതുല്യമായ മിഥ്യാബോധങ്ങളില്‍ രാജ്യത്തെയും ജനങ്ങളെയും തളച്ചിടുകയും ചെയ്യുന്നു. രാജ്യത്തോടോ ജനങ്ങളോടോ സ്വയം ചുമതലപ്പെടുന്ന തരം ധാര്‍മികതയില്‍ ഊന്നിയതല്ല ഫാഷിസത്തിന്റെ വിചാരധാരകള്‍ എന്നതിനാല്‍ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും അവര്‍ എപ്പോഴും അപരരിലേക്ക് വിരല്‍ ചൂണ്ടുകയും സ്വന്തം പരാജയങ്ങള്‍ക്കു മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മേല്‍പ്പറഞ്ഞ വസ്തുതകളുടെ നേരാവിഷ്‌കാരമാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉടനീളം കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് തുടര്‍ന്നുവന്ന നയങ്ങളുടെ ദുരന്തഫലങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത് എന്നായിരുന്നു മോദിയുടെ മുഖ്യ ആരോപണം. കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നുവെന്നു പറഞ്ഞ മോദി, ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാര്‍ട്ടി എല്ലാ കഴിവും ഉപയോഗിച്ചുവെന്നും ആരോപിച്ചു. കോണ്‍ഗ്രസ്സിന്റെ കഴിഞ്ഞകാല ഭരണത്തെയോ ഭരണരംഗത്ത് അവര്‍ അനുവര്‍ത്തിച്ച നയവൈകല്യങ്ങളെയോ വെള്ളപൂശേണ്ട ബാധ്യത ഇവിടെ ആര്‍ക്കുമില്ല. എന്നാല്‍, പ്രധാനമന്ത്രി പ്രസംഗത്തിനായി എഴുന്നേറ്റുനില്‍ക്കുന്നത് രാജ്യത്തെ ജനപ്രതിനിധികള്‍ക്കു മുമ്പിലാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടാകേണ്ടതുണ്ട്. മൂന്നു വര്‍ഷം പിന്നിട്ട തന്റെ ഭരണം ഈ രാജ്യത്തിനും ജനതയ്ക്കും എന്തു നേടിക്കൊടുത്തുവെന്ന വലിയ ചോദ്യത്തെ അഭിമുഖീകരിക്കാതെയാണ് പ്രധാനമന്ത്രി പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ കോണ്‍ഗ്രസ് ഭരണത്തെ ചൂണ്ടി രോഷം കൊള്ളുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. നോട്ടു നിരോധനം അടക്കമുള്ള വങ്കത്തങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഗോസായിമാരാണ് ഉത്തരേന്ത്യയില്‍ പലേടത്തും മേലാളന്മാര്‍. കണ്‍മുമ്പിലിരിക്കുന്ന ഈ യാഥാര്‍ഥ്യങ്ങളെ മുച്ചൂടും അവഗണിച്ചുകൊണ്ടാണ് ഈ ഗീര്‍വാണങ്ങള്‍ എന്നതാണ് അതിശയകരം. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും, ചോദ്യങ്ങളല്ല ഉത്തരങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്നു രാജ്യം പ്രതീക്ഷിക്കുന്നത് എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അതിനാല്‍ തന്നെ സന്ദര്‍ഭോചിതമായിരുന്നു. പട്ടേല്‍ നിരോധിച്ച ഒരു സംഘടനയുടെ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന മോദി രാജ്യത്ത് അദ്ദേഹത്തെ മാത്രമാണ് മഹാനായി കാണുന്നത് എന്ന വൈരുദ്ധ്യവുമുണ്ട്. ഒരു മറുപടി പ്രസംഗം കാപട്യത്തിന്റെയും വാചാടോപത്തിന്റെയും ഒന്നാംതരം ഉദാഹരണമായി മാറിയതിലാണ് നാം പൗരന്മാര്‍ ലജ്ജിക്കേണ്ടത്.
Next Story

RELATED STORIES

Share it