കാനഡ 10000 അഭയാര്‍ഥികളെക്കൂടി ഏറ്റെടുക്കുന്നു

ഒട്ടാവ: 10000 അഭയാര്‍ഥികളെ കൂടി ഏറ്റെടുക്കാന്‍ രാജ്യം തയ്യാറാണെന്ന് കനേഡിയന്‍ കുടിയേറ്റ മന്ത്രി ഡോണ്‍ മക്കുല്ലം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 25000ത്തോളം അഭയാര്‍ഥികളെ കാനഡ ഏറ്റെടുത്തിരുന്നു. സിറിയന്‍ അഭയാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി രാജ്യത്തെ നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. അഭയാര്‍ഥികളില്‍ നിന്നും ഏറ്റെടുക്കാനുള്ള അപേക്ഷകള്‍ ലഭിച്ചില്ലെന്ന ഇവരുടെ പരാതിയോടു സിബിസി ന്യൂസിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികാരത്തിലെത്തിയ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ അഭയാര്‍ഥികളോട് മൃദുസമീപനമാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്തെ സ്വകാര്യ സംഘടനകള്‍, ചര്‍ച്ചുകള്‍, കുടുംബങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയാണ് സ്‌പോണ്‍സര്‍മാരാവാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it