Kollam Local

കാത്തിരിപ്പിന് വിരാമം : പാലരുവി ജലപാതം സഞ്ചാരികള്‍ക്കായി തുറന്നു



തെന്മല: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാലരുവി ജലപാതം സന്ദര്‍ശകര്‍ക്കായി തുറന്നു.— രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. പാലരുവിയിലേക്ക് ഇപ്പോള്‍ നേരിട്ട് സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പകരം ടിക്കറ്റ് കൗണ്ടറിന് മുന്നിലെ റോഡിന്റെ വലതു ഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. അവിടെ നിന്നും പാലരുവിയിലേക്ക് വന സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് മിനി ബസുകളിലാണ് സഞ്ചാരികളെ കൊണ്ട് പോകുന്നത്. ഇതിനായി തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന രണ്ട് മിനി ബസ്സുകള്‍ പലരുവി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഒരു മിനി ബസിന് സീസണ്‍ സമയത്ത് 25,000 രൂപയും സീസണല്ലാത്ത ആറു മാസം 12,500 രുപയുമാണ് ഇക്കോ ടൂറിസത്തിന് നല്‍കുന്ന വാടക.— ഈ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ 15 രൂപയാണ് സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നത്. ഇതുള്‍പ്പടെ പാലരുവിയിലേക്കുള്ള പ്രവേശന നിരക്ക് വര്‍ധിപ്പിച്ചു.— 25 രൂപയായിരുന്നത് ഇപ്പോള്‍ 40 രൂപയായാണ് കൂട്ടിയിരിക്കുന്നത്.— വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാലരുവി വെള്ളച്ചാട്ടത്തിനടുത്ത് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത്.— പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒന്നും സഞ്ചാരികള്‍ക്ക് പാലരുവിയിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ല. മാസങ്ങളോളം അടച്ചിട്ടിരുന്ന പാലരുവി വിനോദ സഞ്ചാര കേന്ദ്രം തുറന്നത് ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെയാണ്. സ്‌നാനഘട്ടത്തിലെ അപകട കുഴികള്‍ നികത്തിയിട്ടില്ല. —തകര്‍ച്ചയിലായ കൈവരികളും പടവുകളും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ചരിത്ര ശേഷിപ്പായ കുതിരാലയം സംരക്ഷണത്തിനും നടപടിയില്ല. തകര്‍ന്ന കല്‍മണ്ഡപം പുനര്‍നിര്‍മിച്ചിട്ടുമില്ല. നിലവിലുള്ള മണ്ഡപം നവീകരിക്കാനും നടപടിയില്ല. കൂടുതല്‍ ടോയിലറ്റുകളോ സ്ത്രീകള്‍ക്കായി പ്രത്യേക കുളിക്കടവില്‍ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. കുട്ടികളുടെ കുളിക്കടവിലെ മണ്ണ് നീക്കം ചെയ്യുന്നതിനും നടപടിയെടുത്തില്ല. ഇവിടുത്തെ സുരക്ഷാ ഗൈഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളില്ല.— കിലോമീറ്ററുകള്‍ ദൂരെ പാലരുവി ടിക്കറ്റ് കൗണ്ടറിനടുത്ത് ഒരു കഫറ്റീരിയയും ചെറിയൊരു ഹാളും മാത്രമാണ് പുതുതായി ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it