കാണാതായ വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാടിനുള്ളില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ഒരു മാസം മുമ്പ് കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് നിഗമനം. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. ശിരസറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് പോലിസും സംശയിക്കുന്നു. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ.
അതേസമയം, വസ്ത്രങ്ങള്‍ ലിഗയുടേതാണെങ്കിലും മൃതദേഹത്തിലുള്ള ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ലെന്നു സഹോദരി ഇലീസ് പറഞ്ഞു. പോലിസിന്റെ അന്വേഷണം തൃപ്തികരമല്ല. കൊലപാതകമാണെന്നു സംശയിക്കുന്നതായും ഇലീസ് പറഞ്ഞു. മൃതദേഹം ലിഗയുടേതാവാന്‍ സാധ്യത കൂടുതലാണെന്നും കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു. ലിഗയുടെ തലയോട്ടി അര മീറ്റര്‍ ദൂരെ മാറി കണ്ടെത്തിയത് കൊലപാതകത്തിനുള്ള സാധ്യത കൂട്ടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിനു സമീപം മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. സിഗരറ്റ് കൂട് ലിഗ ഉപയോഗിച്ചിരുന്നതിന് സമാനമാണെന്നും സഹോദരി വ്യക്തമാക്കി. വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുര്‍വേദ ചികില്‍സയ്ക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞമാസം 14നാണ് കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ സഹോദരിയും പരാതി നല്‍കിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചു.
ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു.
Next Story

RELATED STORIES

Share it