wayanad local

കാട്ടിക്കുളത്ത് നിയമം ലംഘിച്ച് വനപാത നവീകരിക്കുന്നു

കാട്ടിക്കുളം: ചുരം റോഡ് വീതികൂട്ടലും ബദല്‍പാതകളും വനനിയമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുമ്പോഴും കാട്ടിക്കുളത്ത് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ നിര്‍മാണ പ്രവൃത്തി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റേഞ്ചില്‍പ്പെട്ട പനവല്ലിയില്‍ നിന്ന് അപ്പപ്പാറ വരെയെത്തുന്ന ആനത്താരയിലൂടെയുള്ള സോളിങ് പാത ടാര്‍ ചെയ്തു നവീകരിക്കുകയാണ്.
മൂന്നുമീറ്റര്‍ വീതിയില്‍ രണ്ടു കിലോമീറ്ററിലധികം ദൂരം റോഡ് കടന്നുപോവുന്നത് ക്രിട്ടിക്കല്‍ എലിഫന്റ് കോറിഡോറിലൂടെ.
കാട്ടിക്കുളത്തു നിന്നു പനവല്ലി, സര്‍വാണി, പോത്തുമൂല വഴി തിരുനെല്ലിയിലേക്ക് നിലവില്‍ ബസ് സര്‍വീസ് ഉണ്ടെന്നിരിക്കെയാണ് എളുപ്പമാര്‍ഗമെന്ന നിലയില്‍ വന്യജീവികളുടെ സൈ്വരവിഹാരം തടസ്സപ്പെടുത്തിക്കൊണ്ട് നിക്ഷിപ്ത വനമേഖലയില്‍ ടാറിങ് പുരോഗമിക്കുന്നത്.
ആനത്താരയ്ക്ക് പുറമെ ഏതുസമയവും കടുവകളെ കൂടി കാണാവുന്ന മേഖലയിലൂടെയാണ് റോഡ് നവീകരണം.
രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദഫലമായി വനംവകുപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ടാറിങിന് അനുമതി നല്‍കിയതെന്നാണ് വിവരം. എന്നാല്‍, പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചോ, ആരാണ് നവീകരണത്തിനു മേല്‍നോട്ടം വഹിക്കുന്നത് എന്നും മറ്റുമുള്ള കാര്യങ്ങള്‍ പോലും നാട്ടുകാര്‍ക്കറിയില്ല.
നോര്‍ത്ത് വയനാട് ഡിവിഷനില്‍പ്പെടുന്ന തിരുനെല്ലിക്കും വയനാട് വന്യജീവി സങ്കേതം തോല്‍പ്പെട്ടി റേഞ്ചിലെ കുദ്രക്കോടിനുമിടയില്‍ നടന്ന കുടിയേറ്റം മൂലം പ്രദേശത്തെ ആനത്താര മുറിഞ്ഞുപോയിരുന്നു. പ്രദേശവാസികളായ പതിനാലോളം കര്‍ഷക കുടുംബങ്ങള്‍ക്ക് പൊന്നുംവില കൊടുത്ത് ഭൂമി വാങ്ങി വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) ആണ് കഴിഞ്ഞ വര്‍ഷം വനംവകുപ്പിനെ ഏല്‍പ്പിച്ച് മുറിഞ്ഞുകിടന്ന ആനത്താര പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it