കാഞ്ഞങ്ങാട്ട് എണ്ണൂറോളം ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു

എ പി വിനോദ്

കാഞ്ഞങ്ങാട്: ഓള്‍ ഇന്ത്യ മുല്‍നിവാസി ബഹുജന്‍ സമാജ് സെന്‍ട്രല്‍ സംഘി(എഐഎംബിഎസ്‌സിഎസ്)ന്റെയും പ്രബുദ്ധഭാരതസംഘം കേരള ഘടകത്തിന്റെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് പിന്നാക്കവിഭാഗത്തില്‍പ്പെട്ട 800ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ധര്‍മദീക്ഷ ചടങ്ങില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ ആളുകളെത്തി. കാസര്‍കോട് ജില്ലയില്‍നിന്നു മാത്രം 100ഓളം പേരാണ് ബുദ്ധമതം സ്വീകരിച്ചത്. മലവേട്ടുവ, മലയ, മുഗര്‍, പുലയ വിഭാഗത്തില്‍പ്പെട്ടവരാണ് ബുദ്ധമതം സ്വീകരിച്ചതില്‍ ഭൂരിഭാഗവും. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് തിസരണം, പഞ്ചശീലം, 22 പ്രതിജ്ഞകള്‍ എന്നിവ ചൊല്ലി ബുദ്ധമതം സ്വീകരിക്കുന്നതെന്ന് സംഘാടകനായ സി ജെ കൃഷ്ണന്‍ പറഞ്ഞു. മനോരക്കിത, ബോധിദത്ത, അനിരുദ്ധ, ബോധിധമ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.
കാലാകാലങ്ങളായി ഹിന്ദുമതത്തില്‍നിന്നു ദലിതര്‍ നേരിടുന്ന അവഗണനയില്‍ മനംനൊന്താണ് ഹിന്ദുമതം ഉപേക്ഷിച്ചതെന്ന് സംഘാടകരിലൊരാളായ ബാലകൃഷ്ണന്‍ ചാമക്കൊച്ചി പറഞ്ഞു. ആറുമാസത്തിലൊരിക്കല്‍ ധര്‍മദീക്ഷ ചടങ്ങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2001ല്‍ 1000 ബുദ്ധമതാനുയായികള്‍ മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ 2011ലെ സെന്‍സസില്‍ 4475 ആയി വര്‍ധിച്ചു.
ദേശീയ സംഘാടകന്‍ വിജയ് മന്‍കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബി രാജാനന്ദമൂര്‍ത്തി, എസ് ആര്‍ ലക്ഷ്മണ, ബാലകൃഷ്ണന്‍ ചാമക്കൊച്ചി, സവിതകുമാരി, സി ജെ കൃഷ്ണന്‍, സി എച്ച് പത്മനാഭ, കുമ്പഴ ദാമോദരന്‍, ഹരിദാസ്, തുളസീധരന്‍ പള്ളിക്കല്‍, ഡീകൈയ്യ, കാന്തപ്പ, ആര്‍ അനിരുദ്ധന്‍, പി എം മാധവന്‍, കെ വി ശിവപ്രസാദ്, ബി ഗോവിന്ദന്‍ ആലിന്‍താഴെ, സുഭാഷ് മങ്കാംകുഴി, സി കെ ദിലീപ്, എ വിജയന്‍ സംസാരിച്ചു. വന്‍ പോലിസ് സന്നാഹത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it