കാഞ്ച ഐലയ്യയുടെ പുസ്തകങ്ങള്‍ സിലബസില്‍ പാടില്ല

ന്യൂഡല്‍ഹി: പ്രമുഖ ദലിത് ചിന്തകനും സാമൂഹികപ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യയുടെ മൂന്നു പുസ്തകങ്ങള്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്നു നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍വകലാശാല ശുപാര്‍ശ ചെയ്തു. ഹിന്ദുത്വത്തെ അവഹേളിക്കുന്നവയാണെന്നാരോപിച്ചാണ് സര്‍വകലാശാലയിലെ അക്കാദമിക് കാര്യങ്ങള്‍ക്കായുള്ള സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശ. അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ പിന്‍വലിക്കും. നവംബര്‍ 15നു മുമ്പായി നടക്കുന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
എം എ പൊളിറ്റിക്കല്‍ സയ ന്‍സ് സിലബസിന്റെ ഭാഗമായിരുന്ന 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല', 'പശു ദേശീയത', 'പോസ്റ്റ്-ഹിന്ദു ഇന്ത്യ' എന്നീ മൂന്നു പുസ്തകങ്ങളാണ് സിലബസില്‍ നിന്നു പിന്‍വലിക്കുന്നത്. ഇവ ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ അനുയോജ്യമല്ലാത്തവയാണെന്നും തങ്ങള്‍ക്കു തോന്നിയെന്നാണ് സമിതി അംഗമായ പ്രഫ. ഹന്‍സരാജ് സുമന്‍ പറഞ്ഞത്.
അക്കാദമിക് വിവരണങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 'ദലിത് ബഹുജന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പറിലെ 'ദലിത്' എന്ന വാക്കാണ് കമ്മിറ്റി എതിര്‍ക്കുന്നത്. 'ദലിത്' പദം വിവിധ സ്ഥലങ്ങളില്‍ നിരോധിച്ചിട്ടുണ്ടെന്നും പകരം 'ഷെഡ്യൂള്‍ഡ് കാസ്റ്റ്' എന്ന് ഉപയോഗിക്കണമെന്നുമാണ് സമിതി ശുപാര്‍ശ. അതേസമയം, ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.
തന്റെ പുസ്തകങ്ങള്‍ ദശകങ്ങളായി ഡല്‍ഹി സര്‍വകലാശാലയുടെ ഭാഗമാണെന്നും വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ തന്റെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. ഇവ അംബേദ്കറുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. ബിജെപി അക്കാദമിക് സ്‌കോളര്‍ഷിപ്പുകള്‍ സെന്‍സര്‍ ചെയ്യുകയാണെന്നും ഐലയ്യ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it