കാംപസുകളില്‍ ജനാധിപത്യം ഉറപ്പാക്കണം: കാംപസ് ഫ്രണ്ട്

മലപ്പുറം: കാംപസുകളില്‍ ജനാധിപത്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐയുടെ ഏകസംഘടനാവാദവും അക്രമരാഷ്ട്രീയവുമാണ് കാംപസുകളെ സംഘര്‍ഷഭരിതമാക്കുന്നത്. കോളജുകള്‍ തുറന്നതിനുശേഷം എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് കേരളത്തിലെ വിവിധ കാംപസുകളില്‍ ഉണ്ടായിരിക്കുന്നത്. ആശയരാഷ്ട്രീയത്തിനു പകരം കൈയൂക്കിന്റെ രാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത് എസ്എഫ്‌ഐയാണ്. ഇതര വിദ്യാര്‍ഥിസംഘടനാ നേതാക്കള്‍ക്ക് അധ്യയനത്തിന്റെ തുടക്കം തന്നെ ആശുപത്രിയില്‍ കയറിയിറങ്ങേണ്ട ഗതികേടാണ്. ഇത് കാംപസ് രാഷ്ട്രീയത്തെ നിരോധിക്കാനുള്ള വടിയായി ഉപയോഗിക്കാനേ ഉപകരിക്കുകയുള്ളൂ.
ജൂനിയര്‍, സീനിയര്‍ തട്ടുകളായി തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്നതിനു പിന്നിലും കാംപസുകളെ ധാര്‍ഷ്ട്യത്തോടെ അടക്കിവാഴുന്ന എസ്എഫ്‌ഐയാണ്. ഇത്തരം ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്കു നയിക്കുകയാണ്. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുടെ പേരില്‍ കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കിയെടുക്കുന്നതില്‍ കാംപസ് രാഷ്ട്രീയത്തിന് പ്രധാന പങ്കാണുള്ളത്. സാമൂഹികപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇടങ്ങളായി കാംപസുകള്‍ മാറണം. കാംപസുകളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ തുല്യതയും സമത്വവും പുലരണമെന്നും കാംപസ് ജനാധിപത്യമെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, കമ്മിറ്റിയംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, പി വി ഷഫീഖ്, ഫായിസ് കണിച്ചേരി, സാദിഖ് വയനാട്, ജില്ല ഭാരവാഹികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it