കശ്മീര്‍: സര്‍വകക്ഷി യോഗം വിളിച്ചു

ശ്രീനഗര്‍: ഭരണഘടനയുടെ 35 അനുച്ഛേദം നേരിടുന്ന നിയമപരമായ വെല്ലുവിളികളും ജമ്മുകശ്മീരിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ നാഷനല്‍ കോണ്‍ഫറന്‍സ് സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി. നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നിശ്ചയിച്ച സമയത്തിനു തന്നെ നടത്തുമെന്നു സംസ്ഥാന ഭരണകൂടം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലാണു യോഗം നടന്നത്.
കേസില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അനുച്ഛേദം 35 എയില്‍ ലിംഗവിവേചനമുണ്ടെന്ന്് അംഗീകരിച്ചത് തീര്‍ത്തും തെറ്റാണെന്നു യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ വ്യക്തമാക്കിയെന്നു നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഉമര്‍ അബ്ദുല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ സ്ഥിരതാമസക്കാര്‍ക്കു പ്രത്യേക പദവികളും അവകാശങ്ങളും ഉറപ്പുനല്‍കുന്ന അനുച്ഛേദം 35 എയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വ്യക്തിപരമായ അഭിപ്രായമോ ഏതെങ്കിലും പാര്‍ട്ടിയുടെ അഭിപ്രായം പറയാേനാ അല്ല മേത്തയെ കോടതിയിലേക്ക് അയച്ചത്- ഉമര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് താജ് മൊഹിയുദ്ദീന്‍, സിപിഎം നേതാവ് കേസ് കൈകാര്യം ചെയ്തിരുന്ന എം വൈ തരിഗാമി, മുന്‍ മന്ത്രി ജി എച്ച് മിര്‍ എന്നിവരും പങ്കെടുത്തു. എന്നാല്‍ പിഡിപിയും ബിജെപിയും യോഗത്തിനെത്തിയില്ല.

Next Story

RELATED STORIES

Share it