കശ്മീര്‍ ലയനം: ഉപാധികള്‍ കേന്ദ്രം നീക്കം ചെയ്യുന്നുവെന്ന് ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചപ്പോള്‍ അംഗീകരിച്ച നിബന്ധനകള്‍ കേന്ദ്രം പതുക്കെ എടുത്തുകളയുകയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. നാഷണല്‍ കോണ്‍ഫറന്‍സ് മുന്‍ ജനറല്‍ സെക്രട്ടറി ഷെയ്ഖ് നാസിറിന്റെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിബന്ധനകള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിനെ മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. ഈ സംസ്ഥാനങ്ങളൊന്നും നിബന്ധനകളോടെ ഇന്ത്യയില്‍ ചേര്‍ന്നവയല്ല. സംസ്ഥാനം ഇന്ത്യന്‍ യൂണിയനോട് ചേരുമ്പോള്‍ ധനകാര്യം, വാര്‍ത്താവിനിമയം, പ്രതിരോധം, വിദേശകാര്യം എന്നീ വിഷയങ്ങളിലെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റു കാര്യങ്ങളുടെ ചുമതല സംസ്ഥാനത്തിനാണ്. ഇതിനെയാണ് സ്വയംഭരണമെന്ന് ഞങ്ങള്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം വാക്കുപാലിച്ചിട്ടില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മീരിന്റെ പ്രത്യേക പതാകയെ കോടതിയില്‍ ചോദ്യം ചെയ്ത ബിജെപി അംഗത്തിന്റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. തങ്ങളുടെ പരമ്പരാഗതമായുള്ള പതാക പിടിച്ചെടുത്തതാരാണ്? മരിക്കുംവരെ സംസ്ഥാനത്തിന്റെ പതാക സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രശ്‌നങ്ങള്‍ സാമ്പത്തികമായല്ല, രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it