കശുവണ്ടി വികസന കോര്‍പറേഷന്‍; ആനുകൂല്യങ്ങള്‍ ഈ മാസം കൊടുത്തു തുടങ്ങും

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ മാസം മുതല്‍ കൊടുത്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍മന്ത്രി ഷിബു ബേബിജോണും നിയമസഭയെ അറിയിച്ചു.
കോര്‍പറേഷന്റെ പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ ഈ മാസം തന്നെ തുറക്കണമെന്നാണ് ആഗ്രഹം. ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തീര്‍ത്ത് ആഫ്രിക്കയില്‍നിന്നു തോട്ടണ്ടി ലഭ്യമാവാന്‍ 40 ദിവസമെങ്കിലുമെടുക്കുമെന്നതാണ് പ്രായോഗിക തടസ്സം. ജനുവരിയില്‍ ഉറപ്പായും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നു പ്രതിപക്ഷത്തുനിന്ന് പികെ ഗുരുദാസന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കവേ മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അഭ്യര്‍ഥിച്ചു.
വര്‍ഷങ്ങളായി തുടര്‍ന്നുവന്ന സംവിധാനത്തില്‍ മാറ്റങ്ങള്‍ വേണ്ടിവന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായി നല്‍കേണ്ട 65 കോടിയുടെ ആനുകൂല്യങ്ങള്‍ക്കാവശ്യമായ തുക അനുവദിച്ചുകഴിഞ്ഞതായി ഷിബു ബേബിജോണ്‍ അറിയിച്ചു.
ഇതില്‍ 52 കോടി ഗ്രാറ്റിവിറ്റിക്കും 13 കോടി രൂപ മറ്റാനുകൂല്യങ്ങള്‍ക്കുമാണ്. ട്രേഡര്‍മാരില്‍നിന്ന് നേരിട്ടു തോട്ടണ്ടി വാങ്ങുന്നതും പരിഗണനയിലുണ്ടെങ്കിലും അത് മുമ്പ് ആരോപണത്തിനു വഴിവച്ചതിനാല്‍ സുതാര്യമായി കാര്യങ്ങള്‍ ചെയ്യണം. കാപ്പെക്‌സ് വഴി 1000 ടണ്‍ തോട്ടണ്ടിയേ സംഭരിക്കാനാവൂ. ഫാക്ടറികള്‍ ഒരുമാസം പ്രവര്‍ത്തിപ്പിക്കാന്‍ 3,000 ടണ്‍ വേണം. ഈ സര്‍ക്കാരിന്റെ കാലത്ത് 2011-12ല്‍ 288 തൊഴില്‍ദിനങ്ങള്‍ കശുവണ്ടിത്തൊഴിലാളിക്കു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ കോര്‍പറേഷന് അഞ്ചുവര്‍ഷം കൊണ്ട് 177 കോടി രൂപ നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ നാലരവര്‍ഷം കൊണ്ട് 186.35 കോടി നല്‍കി. അടുത്തകാലത്ത് ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലുണ്ടായ സിബിഐ അന്വേഷണം കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴെല്ലാം ഈ പരമ്പരാഗത വ്യവസായത്തെ തകര്‍ക്കുന്ന നടപടികളാണുണ്ടാവുന്നതെന്ന് പി കെ ഗുരുദാസന്‍ ആരോപിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും തൊഴില്‍ദിനങ്ങള്‍ കുറഞ്ഞുവരുകയാണ്. ഒരുവര്‍ഷം നീണ്ട തൊഴിലാളിസമരത്തെ തുടര്‍ന്നാണ് കൂലി കൂട്ടിയത്. കഴിഞ്ഞതവണ ഫാക്ടറികള്‍ അടച്ചിട്ടപ്പോള്‍ നാലെണ്ണം സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുത്തു. കോര്‍പറേഷന്‍ ഏറ്റെടുത്ത 20 എണ്ണം കൂടി വിട്ടുനല്‍കേണ്ടിവരും. അതുകൊണ്ട് ഫാക്ടറികള്‍ തുറക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും ഗുരുദാസന്‍ പറഞ്ഞു.
ഫാക്ടറി എപ്പോള്‍ തുറക്കുമെന്ന് കൃത്യമായി പറയണമെന്നും മറുപടി കുറേക്കൂടി ദൃഢമാവണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it