Flash News

കശാപ്പ്: നിരോധനം നിയമസഭ പ്രമേയം പാസാക്കി



തിരുവനന്തപുരം: കന്നുകാലി വില്‍പന നിയന്ത്രണത്തിലൂടെ കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തുംവിധം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസാക്കിയത്. ക്രമപ്രശ്‌നം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിലപാടും ശ്രദ്ധേയമായി. പ്രമേയത്തെ താന്‍ അനുകൂലിക്കുന്നതായും നടപടിക്രമങ്ങള്‍ സംബന്ധിച്ച നിയമപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്നും മാണി വിശദീകരിച്ചു. വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിനു ബാധകമല്ലാത്തതിനാല്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം ക്രമപ്രശ്‌നത്തിലൂടെ ചൂണ്ടിക്കാട്ടി. വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി തൊഴിലെടുക്കാനുള്ള അവകാശത്തിന്മേല്‍ അന്യായമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചട്ടങ്ങള്‍ ഭരണഘടനാ ലംഘനമാണ്. സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പദ്ഘടന പാടെ തകര്‍ക്കുകയും ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണിയാവുകയും കന്നുകാലികളുടെ സ്വതന്ത്രമായ കൈമാറ്റം തടയുകയും ചെയ്യുന്ന ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും  സഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒ രാജഗോപാല്‍ പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധനം പോലുള്ള വിഷയങ്ങള്‍ എടുത്തിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it