malappuram local

കവണക്കല്ലിലെ ഷട്ടര്‍ തുറക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണം

മലപ്പുറം: ചാലിയാര്‍ പുഴയില്‍ മാലിന്യം അധികരിച്ചതിന്റെ മറവില്‍ ഗെയില്‍ കമ്പനിക്കുവേണ്ടി കവണക്കല്ലിലെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴിവാക്കാനുള്ള നീക്കം ജില്ലയില്‍ കുടിവെള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത്തരത്തിലുള്ള തീരുമാനം ഒഴിവാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ജില്ലാ ഭാരവാഹികള്‍ മലപ്പുറം കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. വേനല്‍ അധികരിച്ചതോടെ ജില്ലയില്‍ കുടിവെള്ള പ്രശനം രൂക്ഷമായിരിക്കയാണ്. നിലവിലുള്ള തണ്ണീര്‍ തടങ്ങളും ജലസംഭരണികളും തടയണകളും ഉള്ളതുകൊണ്ടാണു സമീപ കിണറുകളില്‍ വെള്ളം നിലനില്‍ക്കുന്നത്. ചാലിയാര്‍ പുഴയെ ആശ്രയിച്ചു നിരവധി കുടിവെള്ള പദ്ധതികളാണു ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്. മഞ്ചേരി നഗരസഭ, കോഴിക്കോട് മഞ്ചേരി മെഡിക്കല്‍ കോളജ്, ചീക്കോട്, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികള്‍ ചാലിയാറിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
കവണകല്ല് ബ്രിഡ്ജ് ഷട്ടര്‍ താഴ്ത്തിയതുകൊണ്ടാണു നിലവില്‍ വെള്ളം സംഭരിച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ചാലിയാറിന്റെ പോഷക പുഴയായ ചെറുപുഴയിലടക്കം വെള്ളം സംഭരിച്ചതുകൊണ്ടാണു കിലോമീറ്റര്‍ ദൂരമുള്ള ഓടക്കയം ആദിവാസി മേഖലയിലും പ്രയോജനം ലഭിക്കുന്നത്. ചാലിയാറില്‍ മാലിന്യ ആധിക്യംമൂലം ഷട്ടര്‍ തുറന്നുവിടാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ ഏറനാട് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങള്‍ കുടിവെള്ള രൂക്ഷത നേരിടും.
മലപ്പുറത്തെ കടലുണ്ടിപ്പുഴയില്‍ പാണക്കാട് ചാമക്കയം തടയണയുള്ളതുകൊണ്ട് ഈ ഭാഗങ്ങളില്‍ പതിനായിരത്തിലേറെ ആളുകള്‍ക്കാണു കുടിവെള്ള പ്രയോജനം ലഭിക്കുന്നത്. എന്നാല്‍, ഗെയില്‍ കമ്പനിക്കുവേണ്ടി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തടയണ നീക്കം ചെയ്യാനുള്ള ശ്രമം നടത്തുന്നതായാണു വിവരം. ഈ തടയണ ഇല്ലാതായാല്‍ പതിനായിരത്തിലേറെ ജനങ്ങള്‍ക്കു കുടിവെള്ള ഭീഷണി നേരിടുമെന്നതിനാല്‍ ഈ തടയണ സംരക്ഷിക്കപ്പെടേണ്ടതു പൗരാവകാശമാണ്. ആയതിനാല്‍ ചാലിയാര്‍ പുഴയിലെ കവണ കല്ല് ഷട്ടര്‍ തുറന്നു ജലം ഒഴുക്കി വിടരുതെന്നും പാണക്കാട് ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മലപ്പുറം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുന്നയിച്ചു.
ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബീരാന്‍കുട്ടി അരീക്കന്‍ ഡെപ്യുട്ടി കലക്ടര്‍ക്കു നിവേദനം കൈമാറി.
Next Story

RELATED STORIES

Share it