palakkad local

കള്ളിയമ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

കൊല്ലങ്കോട്: നെല്ലിയാമ്പതി താഴ്‌വാര പ്രദേശമായ ചെമ്മണാംമ്പതി മുതല്‍ എലവഞ്ചേരി വരെയുള്ള പ്രദേശങ്ങളില്‍ കാട്ടാനകളുടെ പരാക്രമം തുടര്‍ക്കഥ. വനം വന്യജീവി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും മലയോര കര്‍ഷകരും പരാതിപ്പെടുന്നു. മുതലമട മലയോര ഗ്രാമപ്രദേശത്ത് ആഞ്ഞൂര്‍ കൊമ്പന്റെയും ഏഴ് ആനക്കൂട്ടത്തിന്റെയും ആക്രമണം ഇന്നലെയും തുടര്‍ന്നു. പന്നക്കാട് ജോര്‍ജിന്റെ തോട്ടത്തിലും കള്ളിയമ്പാറ ശ്രീധരന്റെ വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ തുരത്തി കാട്ടിലേക്കയച്ചത്.
മാസങ്ങളായി ചെമ്മണാംമ്പതി, ചപ്പക്കാട്, മൊണ്ടിപതി, അരശന്‍കാട്, കളിയമ്പാറ, സീതാര്‍കുണ്ട്, പോക്കാന്‍മട കുന്ന്, കൊളുമ്പ് എന്നീ പ്രദേശങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം തുടരുന്നത്.  ആദ്യമെല്ലാം കാടുകളില്‍ നിന്നും താഴ്‌വരയുടെ വനം വകുപ്പിന്റെ സ്ഥലങ്ങളില്‍ എത്തിയിരുന്ന ആനകള്‍ കൃഷി സ്ഥലങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളും ആക്രമിക്കുന്ന സ്ഥിതിയാണിപ്പോള്‍. പറമ്പിക്കുളം ഭാഗത്തു നിന്നുമിറങ്ങുന്ന കാട്ടാനക്കൂട്ടം തിരിച്ച് കാട് കയറുമ്പോള്‍ തമിഴ്‌നാട് വനം വകുപ്പിന്റെ ജീവനക്കാര്‍ പടക്കം പൊട്ടിച്ചും ആനയുടെ ദേഹത്തില്‍ ഡൈനാമിറ്റുകള്‍ കത്തിച്ചെറിയുന്നതായും പറയുന്നു.
ഇതു കാരണമാണ് ആന വീണ്ടും വിരണ്ടോടി കേരളത്തിന്റെ വനാതിര്‍ത്തിയില്‍ എത്തുന്നതെന്നും ആക്രമണ സ്വഭാവിയായി മാറുന്നതെന്നും പറയുന്നു. തമിഴ്‌നാട്ടില്‍ ഏറെ ആക്രമണകാരിയായ ആഞ്ഞൂര്‍ കൊമ്പന്‍ ഒറ്റയാന മൊണ്ടി പതിയില്‍ എത്തിയതോടെയാണ് വീടുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. വേനല്‍മഴ ലഭിച്ചതോടെ മലയോര പ്രദേശങ്ങളില്‍ ചെടികളും പച്ചപ്പുകളും ഇടതൂര്‍ന്ന് വന്നതോടെ ആനയിറങ്ങി വരുന്നതും പോകുന്നതും കാണാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വനപാലകര്‍ പറയുന്നു. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി കാട്ടിലേക്ക് കയറ്റുകയല്ലാതെ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് മറ്റു മാര്‍മില്ല.
ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയല്ലാതെ ശാശ്വത പരിഹാരം കാണാനാവുന്നില്ല.  കാട്ടാന ഇറങ്ങുന്ന വഴിത്താരയ്ക്ക് സമീപം മൂന്ന് മീറ്റര്‍ വീതിയില്‍  2500 മീറ്റര്‍ നീളത്തില്‍ ട്രഞ്ച് നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it