കള്ളനോട്ട് കേസ്: രണ്ടുപേര്‍ക്ക് ജാമ്യം

കൊച്ചി: പാകിസ്താനില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ യുഎഇ വഴി ഇന്ത്യയിലേക്ക് കടത്തിയെന്ന കേസിലെ രണ്ടു പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അബ്ദുല്‍ സലാം, നാലാം പ്രതി ആന്റണി ദാസ് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ ഇവരുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. 2012ലെ യുഎപിഎ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കള്ളനോട്ടു കേസുകളില്‍ യുഎപിഎ നിയമപ്രകാരമുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിച്ചു. ഇതിനെ തുടര്‍ന്നാണ് എന്‍ഐഎ കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മൂന്നാം പ്രതിയായ അബ്ദുല്‍സലാം 2013 ജനുവരി 26നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പന്നീട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എന്‍ഐഎ ഏറ്റെടുത്തു. തുടര്‍ന്ന് യുഎപിഎയിലെ 16, 18 വകുപ്പുകളും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തി. കുറ്റകൃത്യം നടന്നുവെന്ന് എന്‍ഐഎ പറയുന്ന കാലത്ത് യുഎപിഎ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നിരുന്നില്ലെന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്ക് എന്‍ഐഎ കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായമാണ് പുതിയ ജാമ്യഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it