കള്ളനോട്ട് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയിലെ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏഴാം പ്രതിയും ബംഗാള്‍ സ്വദേശിയുമായ മര്‍ത്തൂജി(28)നെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍ ടീം അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസിലെ പ്രതികളായ സാദികൂള്‍, സജികൂള്‍ എന്നിവരെ കരുനാഗപ്പള്ളി പോലിസ് മൂന്നു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കായിലാചൗക്ക് എന്ന സ്ഥലത്ത് കഴിഞ്ഞമാസം എത്തിയെങ്കിലും പ്രതികളുടെ ഗ്രാമത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ഇതേ പ്രതികള്‍ അടങ്ങിയ സംഘം കാലിയാചൗക്ക് പോലിസ് സ്‌റ്റേഷന്‍ കത്തിക്കുകയും ചെയ്യുകയുണ്ടായി. ഇതിനാല്‍ ഗ്രാമത്തില്‍ കടന്നാല്‍ വീണ്ടും കലാപമുണ്ടാവുമെന്ന നിഗമനത്തില്‍ പ്രതികളുടെ ഗ്രാമത്തിലേക്ക് കേരള പോലിസ് സംഘത്തിന് അകമ്പടി പോവാന്‍ ബംഗാള്‍ പോലിസ് കൂട്ടാക്കിയില്ല.

കേരള പോലിസ് എത്തിയ വിവരമറിഞ്ഞ് പ്രതികളിലൊരാളായ റബിയൂള്‍ അലി ഹൈദരാബാദില്‍ ഒളിവില്‍ പോവുകയും പ്രതിയെ പിന്തുടര്‍ന്ന കേരള പോലിസ് സംഘം കഴിഞ്ഞമാസം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി സ്റ്റേഷനിലെ ഒരു കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ബംഗാളിലെത്തിയ അന്വേഷണ സംഘം സാഹസികമായി മര്‍ത്തൂജിനേയും വലയിലാക്കുകയായിരുന്നു.
കള്ളനോട്ട് കേസില്‍ ആറുവര്‍ഷം ശിക്ഷിക്കപ്പെട്ട ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഐബി ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി കൊല്ലത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നാണ് ഇവര്‍ക്ക് കള്ളനോട്ട് ലഭിക്കുന്നതെന്നാണ് പോലിസിന് കിട്ടിയ സൂചന. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it