Flash News

കളിയാവേശത്തിലേക്ക് കൊച്ചി ; ബ്രസീല്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ നാളെ കൊച്ചിയില്‍



കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശം പരകോടിയിലെത്തിച്ച് ടീമുകള്‍ നാളെ കൊച്ചിയുടെ മണ്ണില്‍ വിമാനമിറങ്ങും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പന്ത് തട്ടുന്ന ഡി ഗ്രൂപ്പിലെ നാല് ടീമുകളും നാളെ നെടുമ്പാശേരിയില്‍ എത്തുമെന്നാണ് റിപോര്‍ട്ട്. ടീമുകളുടെ യാത്രയും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്ന പതിവാണ് ഫിഫയിലുള്ളത്. ഏത് ഹോട്ടലിലാണ് ടീം തങ്ങുന്നതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ പ്രിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഇനി  ആഘോഷത്തിന്റെ രാവുകളാണ്. ലോക ഫുട്‌ബോളിലെ ഏറ്റവൂം ആരാധക പിന്തുണയുള്ള ബ്രസീലാണ് കൊച്ചിയില്‍ കളിക്കുന്ന ഒരു ടീം. നേരത്തെ ഇന്ത്യയിലെത്തിയ ബ്രസീല്‍ നിലവില്‍ മുംബൈയിലാണ് തങ്ങുന്നത്. നാളെ രാവിലെ 11. 30ന് ടീം കൊച്ചിയിലെത്തും. നേരത്തെ മുംബൈയില്‍ നടന്ന പരിശീലന മല്‍സരത്തില്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ച് മികച്ച ഫോമിലാണ് ബ്രസീല്‍. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമും ബ്രസീല്‍ തന്നെ. കേരളത്തില്‍ ഏറെ ആരാധകരുള്ള സ്‌പെയിനാണ് കൊച്ചിയില്‍ കാലുകുത്തുന്ന ആദ്യ ടീം. നാളെ പുലര്‍ച്ചെ മൂന്നിന് ടീം നെടുമ്പാശേരിയില്‍ വിമാനമിറങ്ങും. പിന്നാലെ ഉച്ചതിരിഞ്ഞ് നൈജറും വൈകുന്നേരം കൊറിയയും എത്തുന്നതോടെ കളിയുടെ ആവേശത്തിലേക്ക് കൊച്ചി വഴിമാറും. ചൊവ്വാഴ്ച്ച പൂര്‍ണമായും വിശ്രമിക്കുന്ന ടീമുകള്‍ ബുധനാഴ്ച്ച പരിശീലനത്തിനിറങ്ങും. ഫോര്‍ട്ട് കൊച്ചിയില്‍ തയറാക്കിയ മൈതാനത്തിലാണ് ബ്രസീല്‍ പരിശീലനത്തിന് എത്തുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ , വെളി മൈതാനങ്ങളാണ് മറ്റ് ടീമുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ പരിശീലനം നടത്തുന്ന രീതിയിലാണ് നിലവില്‍ ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍. പരിശീലന മൈതാനങ്ങളില്‍ ഫഌഡ്‌ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണ്. ടീമുകള്‍ക്ക് ഫിഫ നിഷ്‌കര്‍ശിച്ചിരിക്കുന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ടീമുകള്‍ പരിശീലനം നടത്തുന്ന മൈതാനങ്ങളും സഞ്ചരിക്കുന്ന വഴികളും കനത്ത പോലിസ് കാവലില്‍ ആയിരിക്കും. ശനിയാഴ്ച്ച തന്നെ ഡി ഗ്രൂപ്പിലെ നാല് ടീമുകളും കലൂര്‍ സ്റ്റേഡിയത്തില്‍ ബൂട്ട്‌കെട്ടും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലും സ്‌പെയിനുമാണ് ഏറ്റുമുട്ടുന്നത്. രാത്രി എട്ടിന് നൈജറിനെ കൊറിയയും നേരിടും. തുടര്‍ന്ന്് 10, 13, 18, 22 തിയതികളില്‍ കൊച്ചിയില്‍ മല്‍സരങ്ങളുണ്ടാവും. ഗ്രൂപ്പ് സിയിലെ ഘാന-ജര്‍മ്മനി ടീമുകളുടെ പോരാട്ടത്തിനും കൊച്ചി വേദിയാകും. 13 വൈകിട്ട് അഞ്ചിനാണ് ഈ മല്‍സരം.
Next Story

RELATED STORIES

Share it