Idukki local

കളിക്കാം വളരാം: വേനല്‍ക്കിളികള്‍ പദ്ധതിക്ക് തുടക്കമായി

പീരുമേട്: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര സംയോജന പുരോഗതി ലക്ഷ്യമിട്ടുള്ള അവധിക്കാല കായിക പരിശീലന പരിപാടിയായ വേനല്‍കിളികള്‍-കളിക്കാം വളരാം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം പീരുമേട് എസ്എംഎസ് ക്ലബ്ബില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ നിര്‍വഹിച്ചു.
ഇ എസ് ബിജിമോള്‍ എം എല്‍എ രക്ഷാധികാരിയായുള്ള സ്‌പൈസസ് (സ്മാര്‍ട്ട് പീരുമേട് ഇന്റഗ്രേറ്റഡ് ആന്റ് കോംഫ്രഹെന്‍സീവ് എജ്യുക്കേഷനല്‍ സൊസൈറ്റി) ന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍, കെഎപി 5 ബറ്റാലിയന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ, എക്‌സൈസ് വകുപ്പ്, എംഎസ്എം ക്ലബ്,  കുമളി മാസ്റ്റര്‍ പീസ്‌ക്ലബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പീരുമേട് നിയോജകമണ്ഡല പരിധിയിലുള്ള പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. വോളിബോള്‍, ഫുട്‌ബോള്‍, നീന്തല്‍, ഷട്ടില്‍, കാരംസ്, സൈക്ലിങ്, ഹോക്കി, ടേബിള്‍ ടെന്നീസ്, കബഡി, ഹാന്‍ഡ് ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലാണ് കായികാധ്യാപകര്‍ പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് വനിതാ അധ്യാപകരും പരിശീലനം നല്‍കുന്നു.
കായികക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം ദുശ്ശീലങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. ഉപ്പുതറ  ഗ്രാമപ്പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്കും  കുമളി ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് ആന്‍സി ജെയിംസും വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് ശാന്തി ഹരിദാസും ചക്കുപള്ളം ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടിയും പരിപാടി ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരീശീലന പരിപാടി അടുത്തമാസം 17ന് സമാപിക്കും.
Next Story

RELATED STORIES

Share it