kannur local

കല്ല്യാശ്ശേരിയിലും പയ്യന്നൂരും ശുപാര്‍ശ ചെയ്തവര്‍ തന്നെ

കണ്ണൂര്‍: ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ഹൈക്കമാന്റിന് മുന്നില്‍ ശുപാര്‍ശ ചെയ്ത പേരുകള്‍ തന്നെ കല്ല്യാശ്ശേരിയിലും പയ്യന്നൂരും പരിഗണിക്കാന്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതോടെ രണ്ടാഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിന് ഇന്നലെ വിരാമമായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാക്ക് വിശ്വസിക്കാമെങ്കില്‍ കല്ല്യാശ്ശേരിയില്‍ അമൃതാ രാമകൃഷ്ണനും പയ്യന്നൂരില്‍ സാജിദ് മൗവ്വലും സ്ഥാനാര്‍ഥിയാവും. സ്ഥാനാര്‍ഥി പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
നേരത്തേ ഡിസിസി തയ്യാറാക്കിയ ലിസ്റ്റിലും കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ലിസ്റ്റിലും ഇടം നേടിയവരാണ് അമൃതാ രാമകൃഷ്ണനും സാജിദ് മൗവ്വലും. ഇവര്‍ക്കെതിരേ കാര്യമായ പ്രതിഷേധങ്ങളോ എതിര്‍സ്വരങ്ങളോ ഹൈക്കമാന്റിലും എത്തിയിരുന്നില്ല. എന്നിട്ടും, ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ പയ്യന്നൂരും കല്ല്യാശ്ശേരിയും ഒഴിച്ചിടുകയായിരുന്നു. ഇതിനിടയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ അമൃതാ രാമകൃഷ്ണന് സ്വീകരണം വരെ നല്‍കുകയും ചെയ്തിരുന്നു.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ കല്ല്യാശ്ശേരിയിലും പയ്യന്നൂരിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരം കടുപ്പിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടത്. എന്നാല്‍, സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ മല്‍സരിച്ച് ചാവേറാകാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയതോടെയാണ് പഴയപേരുകള്‍ തന്നെ ഒടുവില്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. അതിനിടെ കയ്പമംഗലം ഏറ്റെടുത്ത് പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാനും കോണ്‍ഗ്രസ്സില്‍ ആലോചന നടന്നെങ്കിലും പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റേണ്ടിവന്നു.
മുന്‍ മന്ത്രിയും ഡിസിസി പ്രസിഡന്റും കെ കരുണാകരന്റെ വിശ്വസ്തനുമായിരുന്ന എന്‍ രാമകൃഷ്ണന്റെ മകളാണ് അമൃതാ രാമകൃഷ്ണന്‍. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ ടെംപിള്‍ വാര്‍ഡ് കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായ അമൃത രാമകൃഷ്ണന്‍ എ ഗ്രൂപ്പ് വിട്ട് കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പിലെത്തിയതാണ്. കാസര്‍കോട് ജില്ലയിലെ പള്ളിക്കര ബേക്കല്‍ മൗവ്വല്‍ സ്വദേശിയാണ് സാജിദ്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെഎസ്‌യു യൂനിറ്റ് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ്, കാസര്‍കോട് ലോക്‌സഭാ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it