Idukki local

കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുരുമ്പെടുക്കാതിരിക്കാന്‍ മേല്‍ക്കൂര

നെടുങ്കണ്ടം: കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ക്കു മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കുന്ന പണികള്‍ ആരംഭിച്ചു. ഷട്ടറും യന്ത്രോപകരണങ്ങളും സ്ഥാപിച്ചതിനു മുകളിലാണ് ഡാം സേഫ്റ്റി വിഭാഗം മേല്‍ക്കൂര പണിയുന്നത്.
ഷട്ടറുകളും ഷട്ടര്‍ ഉയര്‍ത്താനുള്ള യന്ത്രഭാഗങ്ങളും മഴയില്‍ നനയാതിരിക്കാനും വെയിലേല്‍ക്കാതിരിക്കാനുമാണ് വൈദ്യുതി ബോര്‍ഡ് ചെറുകിട ഡാമുകളുടെ ഷട്ടര്‍ സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ മേല്‍ക്കൂര സ്ഥാപിക്കുന്നത്. മഴക്കാലം മുഴുവനും മഴ നനഞ്ഞ് ഷട്ടറുകള്‍ തുരുമ്പെടുക്കുന്നതു പതിവാണ്. ഇതോടെ ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടര്‍ തുറക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് ഡാം സേഫ്റ്റി വിഭാഗം മേല്‍ക്കൂര സ്ഥാപിക്കുന്നതെന്നു കെഎസ്ഇബി ഉ—ദ്യോഗസ്ഥര്‍ അറിയിച്ചു. കല്ലാര്‍ ഡാമിനു സമീപത്തായി ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ഇതിനു മുന്നോടിയായാണു ഡാം നവീകരണമെന്നാണു കെഎസ്ഇബി ഉദേ്യാഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരം. കല്ലാര്‍ ഡാമിനു സമീപം ഹൈഡല്‍ ടൂറിസം പദ്ധതിയുടെ സാധ്യതാപഠനം കഴിഞ്ഞ മാസം നടത്തിയിരുന്നു. പഠന റിപ്പോര്‍ട്ട് തയാറാകുന്നതോടെ കല്ലാര്‍ പാലത്തിനു സമീപം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആധുനിക സംവിധാനത്തിലുള്ള പാര്‍ക്ക് നിര്‍മിക്കും. കല്ലാര്‍ പാലത്തിനു സമീപം മിനി ചെക് ഡാം നിര്‍മിച്ചശേഷം ചെറിയ പെഡല്‍ ബോട്ടുകള്‍ വിനോദയാത്രക്കാരെ ലക്ഷ്യമിട്ട് ആരംഭിക്കുന്നതിനും നീക്കം നടന്നുവരികയാണ്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന്‍, പഞ്ചായത്തംഗങ്ങളായ കെ എന്‍ തങ്കപ്പന്‍, ഷിഹാബ് ഈട്ടിക്കന്‍ എന്നിവരടങ്ങിയ സംഘം മന്ത്രി എം എം മണിക്കു ജൂണില്‍ ഹൈഡല്‍ ടൂറിസം പദ്ധതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it