kozhikode local

കല്ലായിപ്പുഴ ചളിവാരി ആഴംകൂട്ടണം: കോര്‍പറേഷന്‍ കൗണ്‍സില്‍

കോഴിക്കോട്: ചെറിയ മഴപെയ്യുമ്പോഴേക്കും നഗരത്തിലെ പാര്‍പ്പിടമേഖലകളുള്‍പ്പടെ വെള്ളക്കെട്ടില്‍ മുങ്ങാതിരിക്കാന്‍ കല്ലായിപ്പുഴ ആഴം കൂട്ടണമെന്ന്് കോര്‍പറേഷന്‍ കൗണ്‍സില്‍ അടിയന്തരയോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കല്ലായിപ്പുഴയില്‍ നിന്ന് ചെളിനീക്കം ചെയ്ത് ആഴംകൂട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ നടപടി വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാനാണ് ആദ്യം നിര്‍ദേശം വച്ചത്. തുടര്‍ന്ന് കൗണ്‍സില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു. കോതി അഴിമുഖം മുതല്‍ മൂര്യാട് വരെയുള്ള ഭാഗത്ത് നിന്ന് ചെളി നീക്കണം.
പുഴയില്‍ പലഭാഗത്തും മണല്‍തിട്ട പ്രത്യക്ഷപ്പെട്ടിട്ടുണ്ട്്. ഇതുകാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് അടുപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്്. നഗരത്തിലെ വെള്ളക്കെട്ടിനുള്ള മറ്റൊരു പ്രധാന കാരണം കനോലി കനാലില്‍ ചളിയും മാലിന്യവും അടിഞ്ഞതാണ്. കനോലി കനാല്‍ ആഴംകൂട്ടുന്ന പ്രവൃത്തി കൂടുതല്‍ സജീവമാക്കണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.കനാലിലേക്ക് ആശുപത്രികളില്‍ നിന്നുള്‍പ്പടെ 384 ഓവുചാലുകള്‍ തുറന്നുവച്ച നിലയിലുണ്ട്്്്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. കോര്‍പറേഷനില്‍ 52 വാര്‍ഡുകളിലാണ് പ്രളയക്കെടുതി ഗുരുതരമായി ബാധിച്ചതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
46 ദുരിതാശ്വാസ ക്യാംപുകളിലായി 2949 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 12885 പേരാണ് ക്യാംപുകളില്‍ കഴിഞ്ഞത്്്്. ആകെ 11679 വീടുകളിലാണ് വെള്ളംകയറിയത്. ഇതില്‍ 7599 എണ്ണം ശുചീകരിക്കുന്നതിന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നേതൃത്വം നല്‍കി. മറ്റുള്ളവ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ശുചീകരിച്ചത്. 16391 കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി. രണ്ടാം റൗണ്ട്്്് ക്ലോറിനേഷന്‍ നടന്നുവരുന്നുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 22 പൊതുസ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിദ്യാലയങ്ങള്‍, മദ്രസകള്‍, അംഗനവാടികള്‍ എന്നിവ ഇതില്‍പെടും. ദുരിതബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് നാല് കേന്ദ്രങ്ങള്‍ തുറന്നിരുന്നു. ശുചീകരണ സാമഗ്രികള്‍ സ്റ്റോക്കുണ്ടെന്നും ആവശ്യമുള്ള കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാമെന്നും ഹെല്‍ത്ത് കമ്മറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു.
കോര്‍പറേഷന്‍ പരിധിയില്‍ റവന്യൂ ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. പി എം സുരേഷ്ബാബു പറഞ്ഞു.കൗണ്‍സിലര്‍മാര്‍ നല്‍കുന്ന നഷ്ടകണക്കുകള്‍ അംഗീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it