Kollam Local

കല്ലട ജലോല്‍സവം : വേണാട് ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍തിന് കിരീടം



കുണ്ടറ: നാല്‍പത്തി എട്ടാമത് കല്ലട ജലോല്‍സവത്തില്‍ രാഹുല്‍ ആര്‍ പിള്ള ക്യാപ്ടനായുള്ള മണ്‍റോതുരുത്ത് വേണാട് ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍ത് ജലരാജാവായി. കല്ലടയാറ്റിലെ മുതിപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തില്‍ നാല് ട്രാക്കുകളിലായി അഞ്ചു വള്ളങ്ങളാണ് മല്‍സരിച്ചത്. കല്ലടയാറ്റിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ചു കൊണ്ട് വിജയഭേരി മുഴക്കി ഇരുകരകളിലേയും കാണികളുടെ ഹര്‍ഷാരവം ഏറ്റുവാങ്ങിയാണ് ഇഞ്ചോടിഞ്ച് പോരാടി ഫിനിഷിങ് പോയിന്റ് കടന്നത്. വെസ്റ്റ് കല്ലട ഐത്തോട്ടുവ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ബാലമുരളി ക്യാപ്ടനായുള്ള മഹാദേവിക്കാട് കാട്ടില്‍ തെക്കതില്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം.  മണ്‍റോ തുരുത്തു ഇന്ത്യന്‍ ബോയ്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കാരിച്ചാലിന് മൂന്നാം സ്ഥാനവും ലഭിച്ചു. ബി കണ്ണനാണ് ക്യാപ്ടന്‍. വെപ്പ് എ വിഭാഗത്തില്‍ അമ്പടക്കടവന്‍  ഒന്നാം സ്ഥാനവും ചെത്തിക്കാടന്‍ രണ്ടാം സ്ഥാനവും നേടി.ഇരുട്ട് കുത്തി എ വിഭാഗത്തില്‍ മൂന്നു തൈക്കല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. അലങ്കാര വളളങ്ങളില്‍ കോതപുരം ബിജു വൈഷ്ണവം ക്യാപ്ടനായ സപ്തവാഹിനി ബോട്ട് ക്ലബ്ബ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പെരുങ്ങാലം കൈരളി ആര്‍ട്ട്‌സ് രണ്ടാം സ്ഥാനം നേടി.രാവിലെ ഒമ്പതിന് മണ്‍റോതുരുത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ പതാക ഉയര്‍ത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജലോല്‍സവം ഉദ്ഘാടനം ചെയ്തു. സംഘാട സമിതി കണ്‍വീനര്‍ തഹസീല്‍ദാര്‍ സാജിതാ ബീഗം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കൊടിക്കുന്നില്‍ സുരേഷ് എംപി  ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സബ് കളക്ടര്‍ ഡോ. എസ് ചിത്ര എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, എം മുകേഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ദേവരാജന്‍, തങ്കമണി ശശിധരന്‍, ഡോ. പി കെ ഗോപന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ വിജയന്‍, ബിനു കരുണാകരന്‍, എസ് മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it