Flash News

കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ സംഘം അവസാനവട്ട പരിശോധന നടത്തി



കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പന്തുരുളുവാന്‍ കേവലം മൂന്ന് ദിവസം ശേഷിക്കെ മൈതാനം അവസാനവട്ട മിനുക്കു പണിയില്‍. ഗ്രൗണ്ടിലെ പുല്ലുകള്‍ ചെത്തിമിനുക്കി മല്‍സരങ്ങള്‍ക്കായി പാകപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.  നേരത്തെ ഗ്രൗണ്ടിലുണ്ടായിരുന്ന പുല്ല് നീക്കം ചെയ്ത് ഫിഫയുടെ മേല്‍നോട്ടത്തില്‍ പുതിയ പ്രതലമാണ് കളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.  അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ഫിഫ ജനറല്‍ കോഡിനേറ്റര്‍ മാക്ലിം റാംപോവിന്റെ നേതൃത്വത്തില്‍ ഇന്നലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തി. മൈതാനം വിശദമായി പരിശോധിച്ച സംഘം പൂര്‍ണതൃപ്തി അറിയിച്ചു. ഫിഫ സംഘം ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചതായാണ് വിവരം. ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലാണ് കൊച്ചിയിലെ ആദ്യമല്‍സരം. ഇതിന് മുമ്പ് മൈതാനം പൂര്‍ണസജ്ജമാക്കുമെന്ന് ഫിഫ സംഘം അറിയിച്ചു. കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന രണ്ട് നിലകളിലെ ഗ്യാലറികളില്‍ ഫാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി കഴിഞ്ഞു. 41,750 കാണികള്‍ക്ക് ഒരേ സമയം നേരിട്ട്  കളികാണുവാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സുകള്‍ക്കുമുള്ള സ്റ്റേഡിയത്തിലെ വിശ്രമമുറികളുടെ നിര്‍മാണങ്ങള്‍ നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ടീമുകള്‍ക്കായി ഒരുക്കിയിരിക്കുന്ന പരിശീലന മൈതാനങ്ങളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ്ദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധന നടത്തി. കൊച്ചിയില്‍ പന്ത് തട്ടുന്ന ടീമുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.  മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി, വെളി, പരേഡ് മൈതാനങ്ങളാണ് ടീമുകള്‍ക്ക് പരിശീലനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുന്നത്. 17 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ മൈതാനങ്ങള്‍ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it