കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിശദമായ പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയിലാണ് നടന്നുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നാണ് കരുതിയിരുന്നത്. വിഷാംശം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന റിപോര്‍ട്ട് കാക്കനാട്ടെ ലാബില്‍ നിന്നു ലഭിച്ചിരുന്നു. ആന്തരിക അവയവങ്ങളില്‍ തെളിവുകളൊന്നും അവശേഷിക്കുന്നില്ല എന്നിരിക്കേ പിന്നീട് മൂന്നുമാസത്തിന്‌ശേഷം ഹൈദരാബാദിലെ ലാബില്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു. ഹൈദരാബാദിലെ ലാബില്‍ നിന്നുള്ള റിപോര്‍ട്ട് പ്രകാരം മണിയുടേത് സ്വാഭാവിക മരണമാണെന്നു സമര്‍ഥിക്കാനാണ് പോലിസിന്റെ ശ്രമം. അത് വിശ്വസനീയമല്ല. ഇത് നൂറ് ശതമാനം ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് വ്യക്തമാണ്. മെഥനോള്‍ ഉള്ളില്‍ച്ചെന്നുവെന്ന് അന്വേഷണത്തില്‍ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയും മറ്റും ചെയ്യുമായിരുന്നു.
മണിയുടെ ഉള്ളില്‍ വിഷം ചെന്നുവെന്നും ഇത് എങ്ങനെ ചെന്നുവെന്ന കണ്ടെത്തലാണ് അടുത്ത ഘട്ടമെന്നുമായിരുന്നു അന്വേഷണ സംഘത്തലവന്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അന്വേഷണം വഴിമുട്ടി. മണിയുടേത് സ്വാഭാവിക മരണമല്ലെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് പരാതി നല്‍കുന്നതിനായി എത്തിയതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രി എ സി മൊയ്തീന്‍, ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കാണുന്നതിന് എത്തിയത്.
Next Story

RELATED STORIES

Share it