Flash News

കലാഭവന്‍ മണിയുടെ മരണം : അന്വേഷണം സിബിഐ ഏറ്റെടുത്തു



ചാലക്കുടി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിപ്പോള്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. സിബിഐ എറണാകുളം യൂനിറ്റാണ് കേസന്വേഷിക്കുന്നത്. സിബിഐ ഡിവൈഎസ്പി ജോര്‍ജ് ജെയിംസിനാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി സിബിഐ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി വിനോദും സംഘവും ഇന്നലെ  ഉച്ചയോടെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലെത്തി അന്വേഷണ റിപോര്‍ട്ടുകള്‍ കൈപ്പറ്റി. ഏഴ് വാള്യങ്ങളിലായി 2,229 പേജടങ്ങിയ റിപോര്‍ട്ടാണ് സിബിഐക്ക് കൈമാറിയത്. പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് എന്നിവയുടെ ഡിജിറ്റല്‍ രേഖകളും റിപോര്‍ട്ടുകളും അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത ആയിരത്തോളം പേരുടെ വീഡിയോ സിഡികളും ഇതില്‍ ഉള്‍പ്പെടും. സിബിഐ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്വേഷണം ആരംഭിക്കുക. കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ എറണാകുളം യൂനിറ്റ്, ആസ്ഥാനമായ ഡല്‍ഹിയിലേക്ക് അന്വേഷണം ആരംഭിക്കുന്നതു സംബന്ധിച്ചുള്ള അപേക്ഷ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നിന്നു കഴിഞ്ഞ ദിവസം ഉത്തരവു ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ സംഘം രേഖകള്‍ കൈപ്പറ്റാന്‍ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 6നാണ് കലാഭവന്‍ മണി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തലേദിവസം അര്‍ധരാത്രിയില്‍ മണിയുടെ ചേനത്തുനാടിലുള്ള പാടിയില്‍ വച്ച് അബോധാവസ്ഥയിലായ മണിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. രണ്ട് ലാബുകളിലായി നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപോര്‍ട്ടില്‍ വന്ന വൈരുധ്യം ദുരൂഹതയ്ക്ക് ആക്കംകൂട്ടി. മണിയുടെ ശരീരത്തില്‍ വിഷാംശം പ്രവേശിച്ചതെങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തതവരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. ആദ്യം ലോക്കല്‍ പോലിസും പിന്നീട് പ്രത്യേക അന്വേഷണസംഘവും കാര്യമായ അന്വേഷണം നടത്തി. എന്നാല്‍, അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ഏറ്റെടുക്കാഞ്ഞതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it