Flash News

കലക്ടറുടെ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍



കൊച്ചി: ആലപ്പുഴ ജില്ലാകലക്ടര്‍ തനിക്കെതിരേ അപ്രധാനവും അവാസ്തവവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയിട്ടുള്ള റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ്ചാണ്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. മന്ത്രിയായി ചുമതലയേറ്റതോടെ ചില തല്‍പരകക്ഷികള്‍ ആസൂത്രിതമായി തന്റെ അന്തസ്സും ജീവിതവും തകര്‍ക്കാന്‍വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഈ കക്ഷികളുടെ കൈയിലെ ഉപകരണമായി കലക്ടര്‍ മാറിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. മന്ത്രിപദം ഏറ്റതോടെയാണ് അജണ്ട തയ്യാറാക്കി തനിക്ക് നേരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. സ്വേഛാപരവും നീതീകരണമില്ലാത്തതും ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായ റിപോര്‍ട്ടാണ് തനിക്കെതിരേ കലക്ടര്‍ നല്‍കിയിട്ടുള്ളത്. നടപടികള്‍ തന്റെയും കുടുംബത്തിന്റെയും സ്വാതന്ത്ര്യത്തെയും ജീവിതത്തെയും ബാധിച്ചു. സ്വാഭാവികനീതിയും മൗലികാവകാശങ്ങളും ഹനിക്കപ്പെട്ടു. അധികാര ദുര്‍വിനിയോഗമാണ് കലക്ടര്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ കലക്ടറുടെ റിപോര്‍ട്ടുകള്‍ റദ്ദാക്കണമെന്നും നിയമപരവും ഭരണഘടനാപരവുമായ തന്റെ അവകാശങ്ങളെ ഹനിക്കുന്ന  റിപോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ തടയുകയും വേണമെന്ന് ഹരജിയില്‍ പറയുന്നു. കേരള നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനപ്പുറം തനിക്കെതിരേ വ്യക്തിപരമായ നടപടി പാടില്ലെന്നു പ്രഖ്യാപിക്കണം. കോടതിയില്‍ നിയമനടപടികള്‍ നിലവിലുള്ള സാഹചര്യത്തില്‍ തന്റെ അന്തസ്സിനു ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.—
Next Story

RELATED STORIES

Share it