കറുത്ത സ്റ്റിക്കര്‍ ഗ്ലാസ് കടകളില്‍ ഉപയോഗിക്കുന്നത്

തിരുവനന്തപുരം: വീടുകളിലെ ജനലുകളില്‍ പ്രത്യക്ഷപ്പെട്ട കറുത്ത സ്റ്റിക്കര്‍ ഗ്ലാസ് കടകളില്‍ ഉപയോഗിക്കുന്നതാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനയിലാണു സ്ഥിരീകരണം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സ്റ്റിക്കറുകള്‍ ആരെങ്കിലും പതിച്ചതാണെന്നതിനു തെളിവില്ല. പ്രത്യേക ലക്ഷ്യത്തോടെ ചെയ്തതാണെന്നതിനും തെളിവു കിട്ടിയിട്ടില്ല. ഒരു വ്യക്തിയോ സംഘമോ കുരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തികളാണെന്നു പറയാനാവില്ല. ഇതുവരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.വീടുകളില്‍ കാണപ്പെട്ട സ്റ്റിക്കറുകള്‍ പല ജില്ലകളില്‍നിന്നും ശേഖരിച്ചാണ് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവയെല്ലാം കടകളില്‍ ഗ്ലാസുകളില്‍ ഒട്ടിക്കുന്നവയ്ക്ക് സമാനമായ രൂപവും വലുപ്പവുമുള്ളവയാണ്. രണ്ടു നിഗമനമാണ് പോലിസിനുള്ളത്. ആദ്യത്തെ നിഗമനം, കടകളില്‍ നിന്ന് ഒട്ടിച്ചുവിട്ട സ്റ്റിക്കറുകളാണ് വീടുകളില്‍ കണ്ടെത്തുന്നത് എന്നതാണ്. മറ്റൊന്ന്, നിലവിലെ സാഹചര്യം മുതലെടുത്ത് സാമൂഹികവിരുദ്ധര്‍ സ്റ്റിക്കറുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് എന്നാണ്. ഇതു കണ്ടെത്താന്‍ ഡിജിപി റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘത്തെ പിടികൂടിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം കളവാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടിെല്ലന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it