Cricket

കറക്കിവീഴ്ത്തി കൊല്‍ക്കത്ത; രാജസ്ഥാന്‍ പുറത്ത്

കറക്കിവീഴ്ത്തി കൊല്‍ക്കത്ത; രാജസ്ഥാന്‍ പുറത്ത്
X


കൊല്‍ക്കത്ത: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിലേക്കുള്ള എലിമിനേറ്റര്‍ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 25 റണ്‍സിന്റെ വിജയം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം നാല്് വിക്കറ്റിന് 144 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ മലയാളി താരം സഞ്ജു വി സാംസണും(38 പന്തില്‍ 50) നായകന്‍ അജിന്‍ക്യ രഹാനെയും( 41 പന്തില്‍ 46) ആദ്യ വിക്കറ്റിന് ശേഷം കരകയറ്റാന്‍ ശ്രമിച്ചെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാട്ടിയ കൊല്‍ക്കത്തന്‍ സ്പിന്‍ നിരയാണ് രാജസ്ഥാനെ പരാജയത്തിലേക്ക് തള്ളി വിട്ടത്. തുടര്‍ന്ന് ഇറങ്ങിയ ഹെന്റിച്ച് ക്ലാസനും (18 പന്തില്‍ പുറത്താവാതെ 18) കൃഷ്ണപ്പ ഗൗതമും( ഏഴു പന്തില്‍ പുറത്താവാതെ ഒമ്പത്) സ്പിന്നിന്‍ മുന്നില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെയാണ് കൊല്‍ക്കത്ത ജയം അക്കൗണ്ടിലാക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി പീയൂഷ് ചൗള രണ്ടും പ്രസിദ്ധ് കൃഷണയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.
ആദ്യം ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത തകര്‍ച്ചയോടെ യാണ് തുടങ്ങിയതെങ്കിലും  നായകന്‍ ദിനേഷ് കാര്‍ത്തികും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രേ റസലും ചേര്‍ന്നാണ് കരകയറ്റിയത്. വെടിക്കെട്ട് പ്രകടനത്തിന് വേണ്ടി നായകന്‍ പതിവുപോലെ ഓപണിങില്‍  സുനില്‍ നരെയ്‌നെ(4) ഇറക്കി. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് താരം പ്രതീക്ഷ നല്‍കിയെങ്കിലും കൃഷ്ണപ്പ ഗൗതമിന്റെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും (3), നിതീഷ് റാണയും (3) നിലയുറപ്പിക്കും മുമ്പേ മടങ്ങി. ഇവര്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 3.4 ഓവറില്‍ 24 റണ്‍സ് മാത്രം. അതുവരെ ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ ക്രിസ് ലിന്‍ (22 പന്തില്‍ 18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും എട്ടാം ഓവറില്‍ ശ്രേയസ്സ് ഗോപാലിന്റെ മുന്നില്‍ വീണു. ആദ്യ പത്തോവറില്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ പിന്നീട് വന്ന നായകന്‍ കാര്‍ത്തികും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് മുന്നോട്ടു നയിച്ചത്. ശേഷം ദിനേഷ് കാര്‍ത്തിക്(38 പന്തില്‍ 52) ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തിനൊത്ത് ഉയര്‍ന്നു. യുവതാരം ശുഭ്മാന്‍ ഗില്ലിനെ(17 പന്തില്‍ 28) കുട്ടുപിടിച്ചായിരുന്നു കാര്‍ത്തിക്കിന്റെ രക്ഷാപ്രവര്‍ത്തനം. നിലയുറപ്പിച്ചതിന് ശേഷം അക്രമിച്ച് കളിക്കുന്ന ശൈലിയാണ് നായകന്‍ സ്വീകരിച്ചത്. ഒടുവില്‍ 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ വീഴ്ത്തുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ടാണ് പിറന്നത്. വിന്‍ഡീസ് വെടിക്കെട്ട് താരം റസ്സല്‍ ക്രീസിലെത്തിയതോടെ ടീം സ്‌കോറിങിന് വേഗം കൂടി.
കാര്‍ത്തിക് മടങ്ങിയെങ്കിലും റസ്സല്‍ വെടിക്കെട്ട് അവസാനിപ്പിച്ചില്ല. 25 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന താരം കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. റസലാണ് മാന്‍ ഓഫ് ദി മാച്ച്.നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it