Editorial

കര്‍ഷകപ്രക്ഷോഭം ചൂണ്ടിക്കാണിക്കുന്നത്



മഹാരാഷ്ട്ര സംസ്ഥാനത്തെ കര്‍ഷകപ്രക്ഷോഭം പിന്‍വലിക്കുന്നതിനു വേണ്ടി, നിലവിലുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 1.37 കോടി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് 1.34 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണു പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.കര്‍ഷകപ്രക്ഷോഭം ആരംഭിച്ചത് മധ്യപ്രദേശിലാണ്. അവിടെ ജൂണ്‍ 6നു നടന്ന വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭം മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിലാകെ കത്തിപ്പടര്‍ന്നത്. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ശനിയാഴ്ച നിരാഹാരം ആരംഭിച്ച് ഒരുദിവസത്തിനു ശേഷം പിന്‍വലിച്ചത് കര്‍ഷകരുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് ചൗഹാന്‍ ഉറപ്പുനല്‍കിയിട്ടില്ലെങ്കിലും കര്‍ഷകരുടെ കടുത്ത ദുരിതങ്ങള്‍ക്കു പരിഹാരമായി ചില നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന അവസരത്തില്‍ പ്രഖ്യാപിച്ചത് കാര്‍ഷികമേഖലയിലെ വരുമാനം ഭരണകാലയളവില്‍ ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. എന്നാല്‍, ഭരണം നാലാംവര്‍ഷത്തിലേക്കു പ്രവേശിച്ച അവസരത്തില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ഹൃദയഭൂമിയാകെ പ്രക്ഷോഭം കത്തിപ്പടരുന്ന അനുഭവമാണു കാണാന്‍ കഴിയുന്നത്. വരുമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചില്ലെന്നു മാത്രമല്ല, മിക്കവാറും കാര്‍ഷികോല്‍പന്നങ്ങളുടെയും വിലയില്‍ കടുത്ത ഇടിവാണുണ്ടായതെന്ന് കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കൊടും വരള്‍ച്ചയാണ് രാജ്യത്തെ കര്‍ഷകര്‍ നേരിട്ടത്. ഇത്തവണ വിളവെടുപ്പ് മെച്ചമായിരുന്നെങ്കിലും വിലത്തകര്‍ച്ച പ്രതിസന്ധി സൃഷ്ടിച്ചു. പല ഇനങ്ങള്‍ക്കും കിട്ടിയ കമ്പോളവില ഉല്‍പാദനച്ചെലവിനേക്കാള്‍ കുറവാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു വസ്തുതയാണെന്ന് കാര്‍ഷികമേഖലയിലെ സ്ഥിതിഗതികള്‍ പഠിച്ച പല മാധ്യമങ്ങളും അക്കാദമിക പണ്ഡിതന്മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഫലങ്ങളിലൊന്ന് കര്‍ഷകരുടെ വ്യാപകമായ സാമൂഹിക അരക്ഷിതാവസ്ഥയാണ്. മധ്യപ്രദേശില്‍ മാത്രം 2000ഓളം കര്‍ഷകര്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്രമാസക്തമായ പ്രക്ഷോഭത്തിലേക്കു കര്‍ഷകരെ തള്ളിവിട്ടത് സമീപകാലത്ത് അവര്‍ അനുഭവിച്ചു വന്ന കടുത്ത പീഡനങ്ങളാണെന്നു തീര്‍ച്ചയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്. ഇന്ത്യയുടെ ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ മധ്യവര്‍ഗത്തിനു വമ്പിച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സഹായകരമായിട്ടുണ്ടാവാം. പക്ഷേ, അതിന് ഏറ്റവും കടുത്ത വില നല്‍കേണ്ടിവന്നത് ഇന്ത്യന്‍ കര്‍ഷക സമൂഹമാണ്. ഇറക്കുമതി വിഭവങ്ങള്‍ ഇന്ത്യന്‍ കമ്പോളങ്ങളില്‍ നിറഞ്ഞുകവിയുകയാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് അതു തന്നെ കാരണം. ഈ നയങ്ങള്‍ തിരുത്താതെ ഇന്ത്യന്‍ ഗ്രാമീണമേഖലയില്‍ ശാന്തി തിരിച്ചുവരുമെന്നു കരുതാനാവില്ല.
Next Story

RELATED STORIES

Share it