wayanad local

കര്‍ലാട് വിനോദസഞ്ചാര കേന്ദ്രം : ചുമതല നാഷനല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു



കല്‍പ്പറ്റ: ജില്ലയിലെ കര്‍ലാട് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രത്തിന്റെ (കര്‍ലാട് അഡ്വഞ്ചര്‍ ക്യാംപ്) നടത്തിപ്പു ചുമതല നാഷനല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. മെയ് ഒന്നു മുതല്‍ ഫൗണ്ടേഷന്റെ നിയന്ത്രണത്തിലാണ് കര്‍ലാടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍. സാഹസിക-സ്‌പോര്‍ട്‌സ് ടൂറിസം രംഗത്ത് രാജ്യത്ത് അറിയപ്പെടുന്ന സ്ഥാപനമാണ് നാഷനല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍. കര്‍ലാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫൗണ്ടേഷനുമായി ഒരു വര്‍ഷത്തെ കരാറിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉടമ്പടിയനുസരിച്ച് അഡ്വഞ്ചര്‍ ക്യാംപില്‍ നിന്നുള്ള വരുമാനത്തിന്റെ ഏകദേശം 75 ശതമാനം ഡിടിപിസിക്ക് ലഭിക്കും. ഡല്‍ഹി ആസ്ഥാനമായുള്ള ടെക്‌സോള്‍ ഏജന്‍സിക്കായിരുന്നു നേരത്തേ കര്‍ലാട് ടൂറിസം സെന്ററിന്റെ നടത്തിപ്പു ചുമതല. തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കര്‍ലാട് തടാകം. കല്‍പ്പറ്റയില്‍ നിന്നു 18 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 11 ഏക്കര്‍ വിസ്തൃതിയും ശരാശരി ആറ് മീറ്റര്‍ ആഴവുമാണ് കര്‍ലാട് തടാകത്തിനു.  സ്വകാര്യ ഉടമസ്ഥതയിലായിരുന്ന താടാകവും ഇതോടു ചേര്‍ന്നു മൂന്നര ഏക്കര്‍ കരയും 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്ക്കുവാങ്ങിയതാണ്. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ്  തടാകവും ചേര്‍ന്നുള്ള കരയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കൈമാറിയത്. വൈകാതെ ഡിടിപിസി തടാകക്കരയില്‍ നാല് കോട്ടേജും കോണ്‍ഫറന്‍സ് ഹാളും ഫെസിലിറ്റേഷന്‍ സെന്ററും നിര്‍മിച്ചു. ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തി. 2010 ആഗസ്ത് 15ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കര്‍ലാട് ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും നടത്തി. എങ്കിലും കര്‍ലാടിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനാണ് കര്‍ലാടിനെ 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് അഡ്വഞ്ചര്‍ ക്യാംപായി വികസിപ്പിച്ചത്. 240 മീറ്റര്‍ സിപ് ലൈന്‍, 12 സ്വിസ് കോട്ടേജ് ടെന്റ്, 10 കനോയിങ് ആന്റ് കയാക്കിങ് യൂനിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാന്റ് സോര്‍ബിങ് ബോള്‍, 12 പെയിന്റ് ബോള്‍, എട്ട് ആര്‍ച്ചറി യൂനിറ്റുകള്‍, താല്‍ക്കാലിക ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി, റോക് ക്ലൈംബിങ് സൗകര്യങ്ങളാണ് നിലവില്‍ കര്‍ലാടുള്ളത്. രാജ്യത്ത് നൈസര്‍ഗിക തടാകത്തിനു കുറുകെയുള്ള പ്രഥമ സിപ് ലൈനാണ് കര്‍ലാടിലേത്. സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും കൂടുതല്‍ യുവ സാഹസികരെ ആകര്‍ഷിക്കുന്നതിനു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുമാണ് അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നീക്കം. 2013ല്‍ കര്‍ലാടിലേക്ക് വാങ്ങിയതില്‍ പെയിന്റ് ബോള്‍, വാട്ടര്‍ സോര്‍ബിങ് ബോള്‍, ലാന്റ് സോര്‍ബിങ് ബോള്‍, ആര്‍ച്ചറി സാമഗ്രികള്‍, ചൂണ്ടകള്‍ എന്നിവ ഇന്നോളം ഉപയോഗപ്പെടുത്തിയിട്ടില്ല. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍, പൂക്കോട് തടാകം, കുറുവാദ്വീപ്, ബാണാസുരസാഗര്‍ അണ എന്നിവിടങ്ങളില്‍ സീസണില്‍ ദിവസം 2000നും 3000നും ഇടയില്‍ സഞ്ചാരികളെത്തുന്നുണ്ട്. ഓഫ് സീസണില്‍ ഇത് 200 മുതല്‍ 500 വരെയാണ്. സീസണില്‍ ദിവസം കുറഞ്ഞത് 800ഉം ഓഫ് സീസണില്‍ 150ഉം സഞ്ചാരികള്‍ ക്യാംപില്‍ എത്തുമെന്നായിരുന്നു ഡിടിപിസിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇതു തെറ്റി. സീസണിലടക്കം സഞ്ചാരികളുടെ പ്രവാഹം കര്‍ലാടിലേക്ക് ഉണ്ടായില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനുള്ള തന്ത്രങ്ങള്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനും ഡിടിപിസിയും മെനഞ്ഞുവരികയാണ്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാണ് അഡ്വഞ്ചര്‍ ക്യാംപില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം.
Next Story

RELATED STORIES

Share it