Kollam Local

കര്‍ബല റോഡ് വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയ



കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യം ഒരുക്കാന്‍ റെയില്‍വേ തയ്യാറാകാത്തതുമൂലം സ്‌റ്റേഷനുസമീപത്തെ റോഡുകള്‍ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രങ്ങളാകുന്നു. സ്‌റ്റേഷന്‍ മുതല്‍ കര്‍ബല വരെയും മറ്റുഭാഗങ്ങളിലായി ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. നോ പാര്‍ക്കിങ് ഏരിയയിലെ ഇത്തരം വാഹന പാര്‍ക്കിങ്ങിനെതിരേ പലപ്പോഴും പോലിസ് പിഴ ചുമത്താറുണ്ടെങ്കിലും റെയില്‍വേ സ്‌റ്റേഷന്‍ കോംപൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ റോഡില്‍ പാര്‍ക്ക് ചെയ്യാനെ നിവൃത്തിയുള്ളു. എന്നാല്‍ ഇത്തരം അനധികൃത പാര്‍ക്കിങ് ഇതുവഴിയുള്ള മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. നടപ്പാതകള്‍ കൈയേറിയാണ് കര്‍ബല റോഡില്‍ വാഹന പാര്‍ക്കിങ്. നിലവില്‍ നഗരത്തില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യങ്ങള്‍ കുറവാണ്. റെയില്‍വേയുടെ ഒരേക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി പാട്ടത്തിന് നല്‍കണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് റെയില്‍വേ സ്വീകരിച്ചിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഏക്കറുകണക്കിന് സ്ഥലം കാടുകയറിക്കിടക്കുമ്പോഴാണ് യാത്രക്കാര്‍ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയുള്ളത്. റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിങ് സൗകര്യം വേണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം രണ്ടാം പ്രവേശന കവാടത്തില്‍ സൗകര്യമുണ്ടാക്കുമെന്നാണ് റെയില്‍വേയുടെ മറുപടി. ഇതിനായി കൊല്ലം- തിരുമംഗലം ദേശീയപാതയ്ക്കരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുനീക്കി. നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍ നിര്‍മാണം മാത്രം ഇഴഞ്ഞുനീങ്ങുകയാണ്.രണ്ടാംകവാടം പൂര്‍ത്തിയാകുന്നതോടെ മാത്രമെ കൊല്ലം റെയില്‍വേ സ്‌റ്റേഷനുമുന്നിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമാകു. കൊല്ലം-ചെങ്കോട്ട റോഡിലൂടെ വരുന്ന യാത്രക്കാര്‍ക്കാവും കൂടുതല്‍ ആശ്വാസം. ചിന്നക്കട ചുറ്റിവരാതെ യാത്രക്കാര്‍ക്ക് റോഡില്‍നിന്ന് നേരെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കാനാവും. റെയില്‍വേ ഗോഡൗണിലേക്ക് വരികയും പോവുകയും ചെയ്യുന്ന ചരക്ക് ലോറികള്‍ പ്രസ് ക്ലബ്ബിനുസമീപം അപകടം വിളിച്ചുവരുത്തുന്ന രീതിയില്‍ സൃഷ്ടിക്കുന്ന ഗതാഗത തടസ്സവും ഒഴിവായേക്കാം.അഞ്ചേക്കര്‍ സ്ഥലത്താണ് പ്രവേശനകവാടം വരുന്നത്. ഇതില്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍വശത്ത് ഐഒസിയുടെ ഓയില്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ വക സ്ഥലംമുതല്‍ വടക്കോട്ട് ക്രേവന്‍ സ്‌കൂളിനും സിഎസ്‌ഐ പള്ളിക്കും ഏതിര്‍വശത്തായി പഴയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്നിടംവരെ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. ഒന്നരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണിത്.ഐഒസി ഡിപ്പോ സ്ഥിതിചെയ്തിരുന്ന 50000 ചതുരശ്രയടി ഭാഗം വൃത്തിയാക്കി മണ്ണിട്ടുയര്‍ത്തുന്നത് സേലം ആസ്ഥാനമായുള്ള എം കുമരേശന്‍ എന്ന കരാറുകാരന്റെ നേതൃത്വത്തിലാണ്. ക്രേവന്‍ സ്‌കൂളിന് എതിര്‍ദിശയിലുള്ള ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഭാഗം വൃത്തിയാക്കി തറ നിരപ്പാക്കുന്നത് കാലടിയിലെ കെ ജോണ്‍സണ്‍ കമ്പനിയാണ്. ദേശീയപാതയുടെ നിരപ്പില്‍നിന്ന് എട്ടിഞ്ച് ഉയരത്തിലാണ് ഉയര്‍ത്തുന്നത്. പാര്‍ക്കിങ് എരിയ പൂര്‍ത്തിയാകുമ്പോള്‍ 50 ഹൈടെക് ബസുകള്‍, 700 കാറുകള്‍, 10,000 ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്ക് ചെയ്യാം.
Next Story

RELATED STORIES

Share it