കര്‍ദിനാളിനെതിരേ കേസ്; ആശങ്കയോടെ കത്തോലിക്കാ സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭുമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് കത്തോലിക്കാ സഭയെ  ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രൈസ്ത സഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ സഭാ തലവനെതിരേ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ ഉത്തരവ് കേരള ക്രൈസ്തവ സഭയെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കിയിരിക്കുകയാണെന്ന്് ക്രൈസ്തവ സമുദായ നേതാക്കള്‍ സമ്മതിക്കുന്നു.
വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് റിട്ട. ജഡ്ജിമാര്‍ അടക്കമുള്ളവരുമായി സഭാ നേതൃത്വം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി വരുകയാണ്്.  കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഒരു വിഭാഗം വൈദികര്‍ക്കിടയിലും ഇതേ വികാരം തന്നെയാണുള്ളതെന്നാണ് വിവരം.
306.98 സെന്റ് ഭൂമിയാണ് അതിരൂപത വില്‍ക്കാന്‍ തീരുമാനിച്ചത്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി തുറവൂര്‍ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം വാങ്ങി. ഇതിനായി 60 കോടി രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തു. 60 കോടിയുടെ വാര്‍ഷിക പലിശയായി ആറു കോടി അടയ്‌ക്കേണ്ടതായി വന്നു. ഇതിനായിട്ടാണ് വിവിധ ഇടങ്ങളിലുള്ള അതിരൂപതയുടെ 306.98 സെ ന്റ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. ആകെ വിറ്റ വസ്തുവും തതുല്യ വിലയും താരതമ്യപെടുത്തുമ്പോള്‍ സെന്റ് ഒന്നിന് കുറഞ്ഞ വില 9.05 ലക്ഷമാണെന്ന് നിജപെടുത്തിയിരുന്നു. സ്ഥലം വില്‍ക്കാന്‍ ഏല്‍പ്പിച്ച ഇടനിലക്കാരാനയുള്ള കരാര്‍ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാതൊരു കക്ഷിക്കോ കക്ഷികള്‍ക്കോ സ്ഥലം മുറിച്ചു നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. സ്ഥലം വിറ്റുകഴിയുമ്പോള്‍ അതിരൂപതയക്ക്് ഒരു മാസത്തിനുള്ളില്‍ 27.30 കോടി രൂപ ലഭിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ സ്ഥലം വിറ്റുപോയെങ്കിലും  അതിരൂപതയ്ക്ക് ആകെ ലഭിച്ചത്് 9.13 കോടി രൂപമാത്രമാണ്.  എന്നു മാത്രമല്ല സഭയുടെ കടബാധ്യത 84 കോടിയോളം രൂപയില്‍ എത്തുകയും ചെയ്തു. ഇതിനെതിരേ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തുവന്നതോടെയാണ് ഭൂമി വില്‍പന വിവരം പുറം ലോകം അറിയുന്നത്.
വൈദികര്‍ പ്രതിഷേധം ശക്തമാക്കിയതോടെ വിഷയം സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് -അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതല കര്‍ദിനാളില്‍ നിന്നും എടുത്തുമാറ്റി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നല്‍കിയിരുന്നു. ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ മാര്‍പാപ്പയക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.ഇതിനിടയിലാണ് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നിന്നും ഉത്തരവുണ്ടായിരിക്കുന്നത്.
അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടിയന്തരമായി സ്ഥാനം ഒഴിയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തിലുള്ള ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്‌പെരന്‍സി(എഎംടി)കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്ഥാനം ഒഴിയാതെ എറണാകുളം-അങ്കമാലി അതിരൂപത അതിര്‍ത്തിക്കുള്ളില്‍ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it