കര്‍ണാടക: പത്രികാ സമര്‍പ്പണം അവസാനിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ മല്‍സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലാണു ബദാമി മണ്ഡലം. നേരത്തെ മൈസൂരുവിലെ ചാമുണ്ടേശ്വരി സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ജെഡിഎസിന്റെ ജെ ടി ദേവഗൗഡയാണ് ചാമുണ്ടേശ്വരിയില്‍ സിദ്ധരാമയ്യക്കെതിരേ മല്‍സരിക്കുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ബിജെപിയും ജെഡിഎസും സഹകരിക്കുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു.
സിദ്ധരാമയ്യക്ക് ഒരു മണ്ഡലം കൂടി അനുവദിച്ചുള്ള കോണ്‍ഗ്രസ്സിന്റെ നാലാം സ്ഥാനാര്‍ഥിപട്ടിക ഞായറാഴ്ചയായിരുന്നു പുറത്തുവന്നത്.
ബദാമിയില്‍ ശ്രീരാമലുവിനെയാണു ബിജെപി സിദ്ധരാമയ്യക്കെതിരേ മല്‍സരിപ്പിക്കുന്നത്. ബദാനി കൂടാതെ ചിത്രദുര്‍ഗയിലെ മൊളക്കല്‍മൂരു മണ്ഡലത്തിലും ശ്രീരാമലു മല്‍സരിക്കുന്നുണ്ട്. നിലവില്‍ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ശ്രീരാമലു.
വടക്കന്‍ കര്‍ണാടകയിലെ ജനങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണു താന്‍ ബദാമിയില്‍  മല്‍സരിക്കുന്നതെന്നു സിദ്ധരാമയ്യ പ്രതികരിച്ചു.
Next Story

RELATED STORIES

Share it