കര്‍ണാടക കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട; വിമത നീക്കം ഭീഷണി; പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തി ബെല്‍ഗാവിയിലെ ജാര്‍ഖിഹോളി സഹോദരന്‍മാര്‍. നിലവില്‍ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന രമേഷ് ജാര്‍ഖിഹോളിയും സതീഷ് ജാര്‍ഖിഹോളിയുമാണ് വിമത നീക്കത്തിനു പിന്നില്‍.
12 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ബെല്‍ഗാവിയിലെ കരിമ്പ് വ്യവസായത്തെ നിയന്ത്രിക്കുന്നത് അഞ്ച് പേരടങ്ങിയ പ്രബലരായ ജാര്‍ഖിഹോളി സഹോദരന്‍മാരാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായ സതീഷ് ജാര്‍ഖിഹോളിയെ ഇത്തവണ തഴഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നോട്ടമിട്ടിരുന്ന ഇദ്ദേഹത്തെ ഒഴിവാക്കി ദിനേശ് ഗുണ്ടറാവുവിനെ പ്രസിഡന്റായി നിയമിച്ചതും അതൃപ്തി വര്‍ധിക്കാന്‍ ഇടയാക്കി.
കൂടാതെ, രമേഷ് ജാര്‍ഖിഹോളിയുടെ അനുയായി ആയിരുന്ന ബെല്‍ഗാവി റൂറല്‍ എംഎല്‍എയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ലക്ഷ്മി ഹെബാല്‍ക്കര്‍, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരുണ്ടാക്കാന്‍ മുന്നില്‍ നിന്ന ഡി കെ ശിവകുമാറിനൊപ്പം ചേര്‍ന്ന് ബെല്‍ഗാവിയിലെ പ്രൈമറി ലാന്‍ഡ് ഡെവലപ്‌മെന്റ് ബാങ്കിന്റെ ഭരണം പിടിച്ചെടുത്തതോടെയാണ് സ്ഥിതി വഷളായത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജാര്‍ഖിഹോളി സഹോദരന്‍മാര്‍ക്ക് 12 എംഎല്‍എമാരെ തങ്ങളുടെ കൂടെ കൂട്ടാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ നില പരുങ്ങലിലാവും. 224 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിനുള്ളത്.
പ്രശ്‌നം രൂക്ഷമാവുന്നത് കണ്ട് ഇന്നലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേ ജാര്‍ഖിഹോളി സഹോദരന്‍മാരുമായി ചര്‍ച്ചനടത്തി. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it