കര്‍ണാടക കോണ്‍ഗ്രസ്സില്‍ ടിക്കറ്റ് യുദ്ധം

ബംഗളുരു: കര്‍ണാടകയില്‍ സീറ്റ് തര്‍ക്കം മൂക്കുന്നു. നിലവിലുള്ള എംഎല്‍എമാര്‍ ഭൂരിപക്ഷം പേര്‍ക്കും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി. 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളില്‍ രണ്ടോ മൂന്നോ പേരുകള്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. നിയമസഭയിലെ 224 മണ്ഡലങ്ങളിലേക്ക് 1570 പേരാണ് അപേക്ഷ നല്‍കിയത്.
ചുരുക്കപ്പട്ടിക കേന്ദ്ര കമ്മിറ്റിക്കയക്കുമെന്നും, ഈ മാസം അവസാനത്തോടെ എഐസിസി അന്തിമ പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കാംപയിന്‍ സമിതി ചെയര്‍മാന്‍ ഡി കെ ശിവകുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്രയും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയും വ്യത്യസ്ത മണ്ഡലങ്ങളില്‍ ടിക്കറ്റിന് അപേക്ഷകരാണ്. എന്നാല്‍, വരുണ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാന്‍ തന്റെ മകന്‍ സീറ്റ് തേടിയെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. മകന്‍ അപേക്ഷിച്ചിട്ടില്ലെന്നും ജനങ്ങളുടെ ആവശ്യം അടിസ്ഥാനമാക്കി സ്ഥാനാര്‍ഥിത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കി ഹൈക്കമാന്‍ഡ്് ടിക്കറ്റ് നല്‍കും. ബംഗളൂരു ജയനഗര്‍ സീറ്റിന് തന്റെ മകള്‍ സൗമ്യ റെഡ്ഡിയുള്‍പ്പെടെ അഞ്ച് പേര്‍ അപേക്ഷകരാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി വെളിപ്പെടുത്തി.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറ്റ അനുയായിയായ പൊതുമരാമത്ത് മന്ത്രി എച്ച് സി മഹാദവേപ്പയ്ക്ക് റോഡ് കരാറുകാരുമായി അവിശുദ്ധ ബദ്ധം ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി ട്വീറ്റ് ചെയ്തത് വിവാദമായി. കോണ്‍ഗ്രസ് പ്രകടന പത്രിക സമിതി ചെയര്‍മാന്‍ കൂടിയാണ് വീരപ്പമൊയ്‌ലി.
സ്ഥാനാര്‍ഥി നിര്‍ണയം പൊതുമരാമത്ത് മന്ത്രിയും റോഡ് കരാറുകാരും സില്‍ബന്ധികളും ചേര്‍ന്ന് തീരുമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയെയും ടാഗ് ചെയ്ത ട്വീറ്റ്. മൊയ്‌ലിയുടെ മകന്‍ ഹര്‍ഷ് മൊയ്‌ലിയും ട്വീറ്റ് ചെയ്തിരുന്നു. വിവാദമായതോടെ ഇരു അക്കൗണ്ടുകളില്‍ നിന്നും  ട്വീറ്റ് നീക്കം ചെയ്തു. മൊയ്‌ലിയുടെയും മഹാദേവപ്പയുടെയും മക്കള്‍ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും ടിക്കറ്റിന് ശ്രമം നടത്തുന്നുണ്ട്്. ഇത്തവണ ഹര്‍ഷ് മൊയ്‌ലിയെ മല്‍സരിപ്പിക്കരുതെന്ന്  സിദ്ധരാമയ്യയോട് മഹാദേവപ്പ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു.
Next Story

RELATED STORIES

Share it