Flash News

കര്‍ണാടക: അടിതെറ്റി ആര്‍എസ്എസ്; തന്ത്രം മെനയാനാവാതെ അമിത് ഷാ

കര്‍ണാടക: അടിതെറ്റി ആര്‍എസ്എസ്; തന്ത്രം മെനയാനാവാതെ അമിത് ഷാ
X
പി സി അബ്ദുല്ല

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ നേരിട്ടുള്ള ഇടപെടലുകളും ഫലം ചെയ്യാത്തത് ബിജെപിയെ കൂടുതല്‍ വിഷമവൃത്തത്തിലാക്കുന്നു. നിര്‍ണായകമായ സവര്‍ണ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ആര്‍എസ്എസ് മേധാവിയുടെ നീക്കങ്ങള്‍ പാളിയതും കര്‍ണാടകയില്‍ ക്യാംപ് ചെയ്യുന്ന അമിത് ഷായെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
നാളുകള്‍തോറും തകിടം മറിയുന്ന ജാതിമത സമവാക്യങ്ങള്‍ക്കു മുമ്പില്‍ കൃത്യമായ പ്രചാരണതന്ത്രംപോലും ആവിഷ്‌കരിക്കാനാവാത്ത അവസ്ഥയിലാണ് കര്‍ണാടകയില്‍ ബിജെപി. ലിംഗായത്തുകള്‍ ഇത്തവണ പാര്‍ട്ടിയെ കൈവിടുമെന്ന സൂചനകള്‍ ശക്തമായതോടെ മൈസൂരു കേന്ദ്രീകരിച്ച് ഇതര സവര്‍ണവിഭാഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷായും കൂട്ടരും.



മൈസൂരു രാജകുടുംബത്തെ മല്‍സരത്തിനിറക്കി പതിവില്ലാത്ത പരീക്ഷണം നടത്താനും ബിജെപി ശ്രമിക്കുന്നു. അനൗദ്യോഗിക കണക്കുകള്‍പ്രകാരം കര്‍ണാടക ജനസംഖ്യയില്‍ നിര്‍ണായകമായ പട്ടികജാതിക്കാരുടേതിനു സമാനമാണ് സവര്‍ണരായ ലിംഗായത്തുകളുടെ എണ്ണം. കഴിഞ്ഞ സെന്‍സസ് പ്രകാരം ലിംഗായത്ത് ജനസംഖ്യ 9.65 ശതമാനമാണ്. എന്നാല്‍, ഇതിനകം പുറത്തുവന്ന ചില ആധികാരിക കണക്കുകള്‍ പ്രകാരം 17.07 ശതമാനമാണ് കര്‍ണാടകയിലെ ലിംഗായത്ത് ജനസംഖ്യ. വാല്‍മീകി നായിക് 5.4 ശതമാനം, മഡിഗ 5.4, വൊക്ക ലിംഗ 8.01, കുറുമ്പ 7.11, എസ്‌സി-എസ്ടി 17.7, പട്ടികവര്‍ഗം 6.8, മുസ്‌ലിം 12.27 എന്നിങ്ങനെയാണ് മറ്റു ജനസംഖ്യാനിരക്ക്.
അമിത് ഷാ പ്രചാരണത്തിനെത്തും മുമ്പ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഹുബ്ബള്ളിയില്‍ എത്തി ലിംഗായത്ത് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധരാമയ്യയുടെ തീരുമാനത്തോടെ ഈ വിഭാഗത്തിന് വലിയ സ്വാധീനമുള്ള വടക്കന്‍ മേഖലയായ മുംബൈ കര്‍ണാടക മേഖല, ഹൈദരാബാദ് കര്‍ണാടക പ്രദേശങ്ങളില്‍ ബിജെപിക്ക് കാലിടറും. ഈ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നാണു കണക്കുകൂട്ടല്‍. അവസാന നിമിഷം അടിയൊഴുക്കുകള്‍ സംഭവിച്ചില്ലെങ്കില്‍ മംഗലാപുരം മുതല്‍ ഗോവ വരെ നീണ്ടുകിടക്കുന്ന തീരദേശമേഖലയിലും മലയോര പ്രദേശങ്ങളിലും ബിജെപിക്ക് പ്രതീക്ഷ വച്ചുപുലര്‍ത്താനാവില്ല.
ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കിയതെന്ന അമിത് ഷായുടെ ആരോപണം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
2008ല്‍ ബിജെപിയെ കര്‍ണാടകയുടെ ഭരണം പിടിക്കാന്‍ സഹായിച്ചത് ലിംഗായത്ത് സമുദായമാണ്. അന്നു ബിജെപിക്ക് ലഭിച്ചതില്‍ 17 ശതമാനം വോട്ടുകള്‍ ആ വിഭാഗത്തിന്റേതായിരുന്നു. അന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷപദവി നല്‍കാന്‍ ശ്രമിച്ചെങ്കിലും ആര്‍എസ്എസ് ഇടപെട്ട് തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഭാഗത്തിന്റെ എട്ടുശതമാനം വേട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നാണു കണക്ക്.
Next Story

RELATED STORIES

Share it