Kollam Local

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ നശിപ്പിക്കുന്നത് പതിവാകുന്നു



കരുനാഗപ്പള്ളി:റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ വീണ്ടും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കത്തിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം എങ്ങുമെത്താതിരിക്കെയാണ് സ്‌റ്റേഷന്‍ പരിസരം വിണ്ടും അക്രമികളുടെ താവളമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഞ്ചോളം ഇരുചക്രവാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. സ്‌റ്റേഷന്‍ പരിസരത്ത് പേ ആന്റ് പാര്‍ക്ക് ഏരിയയ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മാത്രമാണ് നശിപ്പിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു നിന്ന് എടുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുക, എന്‍ജിന്‍ ഓയില്‍ ടാങ്കിലും പെട്രോള്‍ ടാങ്കിലും കല്ലും മണ്ണു ചപ്പുചവറുകളും നിക്ഷേപിക്കുക, സീറ്റുകള്‍ കുത്തി കീറിനശിപ്പിക്കുക, പെട്രോള്‍ ഊറ്റുക, ടയറുകള്‍ കുത്തിക്കീറുക എന്നിങ്ങനെയാണ് സാമൂഹിക വിരുദ്ധരുടെ സ്ഥിരമായ രീതികള്‍. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് പഠിക്കുന്ന കല്ലേലിഭാഗം സ്വദേശിയുടെ വാഹനമാണ് നശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ വാഹനം പാര്‍ക്ക് ചെയ്തു പോയ വിദ്യാര്‍ഥി തിരികെയെത്തിയപ്പോഴാണ് ടയറുകള്‍ കീറി നശിപ്പിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഓയില്‍ ടാങ്കില്‍ കല്ലും മണ്ണും നിറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.മുമ്പ് വാഹനങ്ങള്‍ തിവച്ച് നശിപ്പിച്ച സംഭവമുണ്ടായതിനാല്‍ വാഹനത്തിന്റെയും തങ്ങളുടേയും സുരക്ഷയോര്‍ത്ത് നാശനഷ്ട്ടങ്ങള്‍ക്കിരയായ പലരും പരാതി നല്‍കാന്‍ സന്നദ്ധരാകാത്തതിനാല്‍ അക്രമികള്‍ക്ക് ആരേയും ഭയക്കേണ്ടാത്ത സാഹചര്യമാണുള്ളത്. സംഭവത്തെപ്പറ്റി പലരും കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും അന്വേഷിക്കാമെന്ന പതിവ് മറുപടിയല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന അക്ഷേപവും നിലനില്‍ക്കുന്നു. പുലര്‍ച്ചെ മുതല്‍ രാത്രി വരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വൈദ്യുതി വിളക്കുകള്‍ കത്താത്തതിനാല്‍ സന്ധ്യ മയങ്ങിയാല്‍ ഇവിടം മദ്യപാനികളുടേയും സാമൂഹിക വിരുദ്ധരുടേയും താവളമായി മാറിയിരിക്കുകയാണ്. വഴിവിളക്കുകളുടെ ബള്‍ബുകള്‍ എറിഞ്ഞുടയ്ക്കുന്നതാണ് വിളക്കുകള്‍ കത്താത്തതിന് കാരണം. ആറിലധികം കാറുകളും നിരവധി ബൈക്കുകളും അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ യാതൊരു വിധ അന്വേഷണത്തിനും മുതിരാതിരുന്ന പോലിസ് ഇവിടങ്ങളില്‍ പട്രോളിങ്ങിനോ സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിക്കുന്നവരെ നിരീക്ഷിക്കാനോ തയ്യാറാവുന്നില്ല. കരുനാഗപ്പള്ളി പോലിസിന്റെ ഈ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് പതിവായ ഇവിടെ ആര്‍ പി എഫിന്റെ ശ്രദ്ധയും കുറവാണ്. ഭിക്ഷക്കാരും മോഷ്ടാക്കളും മദ്യപന്‍മാരും പ്ലാറ്റ്‌ഫോമില്‍ തനിച്ച് യാത്ര ചെയ്യുന്നവരെ ശല്യപ്പെടുത്തുന്നതും മോഷണം നടത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കി യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന് പോലിസിന്റെ ഭാഗത്തു നിന്നും കര്‍ശന ഇടപെടലുകള്‍ ഉണ്ടാവണമെന്ന് റെയില്‍വേ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it