കരിമരുന്ന് മേഖലയെ നിയന്ത്രിക്കാന്‍ പോലിസിന് കഴിയാത്ത സാഹചര്യം: ചെന്നിത്തല

ആലപ്പുഴ: കരിമരുന്ന് മേഖലയെ നിയന്ത്രിക്കാന്‍ പോലിസിനു കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്നു മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ ഡിസിസി ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെക്കുറിച്ചു പോലിസിനു കൃത്യമായ ധാരണയില്ല. ഉഗ്ര സ്‌ഫോടകശേഷിയുള്ള കരിമരുന്നുകളാണു പലരും ഉപയോഗിക്കുന്നത്. കരിമരുന്ന് നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഉല്‍സവങ്ങള്‍ക്ക് വീര്യംകൂടിയ പടക്കവും കരിമരുന്നും ഉപയോഗിക്കുന്നതിനെ ശക്തമായി നേരിടും. നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പോലിസ് പരിശോധനകള്‍ തുടരും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തില്‍ ഇത്തരം സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ഡിജിപി എല്ലാ ജില്ലാ പോലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറികള്‍ക്കുവേണ്ടി കൊണ്ടുവരുന്ന വെടിമരുന്നിന്റെ അളവ് കൃത്യമായി സൂക്ഷിക്കണം. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിലും കര്‍ശനമായ നിയന്ത്രണം ആവശ്യമാണ്. ഇക്കാര്യത്തില്‍ പൊതു സമീപനം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തെപ്പറ്റിയും പോലിസിന്റെ നടപടിയെപ്പറ്റിയും പരാതിയുണ്ട്. െ്രെകംബ്രാഞ്ചിന്റെയും ജുഡീഷ്യല്‍ കമ്മീഷന്റെയും അന്വേഷണ റിപോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. കലക്ടറും പോലിസും തമ്മിലുള്ള വിവാദം ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഘോഷ പരിപാടികള്‍ക്ക് വിദേശ രീതിയില്‍ അപകടരഹിതവും സ്‌ഫോടനാത്മകമല്ലാത്തതുമായ കരിമരുന്ന് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. വിദേശ രാജ്യങ്ങളിലെ ശബ്ദരഹിത കരിമരുന്ന് പ്രയോഗം ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദൂഷ്യം ഉണ്ടാക്കുന്നില്ലെന്നും ആ രീതിയിലുള്ള കരിമരുന്ന് പ്രയോഗം പിന്തുടരുന്നതാണ് നമുക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
പരവൂര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണു വിരമിച്ച ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it