malappuram local

കരിപ്പൂര്‍ വിമാനത്താവള റോഡില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിലും കൊണ്ടോട്ടി ബൈപാസ് റോഡിലും പുതിയ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ എട്ട് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിക്ക് നഗരസഭ അംഗീകാരം നല്‍കി. കോഴിക്കോട് ഫറോക്ക് ആസ്ഥാനമായുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവള റോഡില്‍ നിലവില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയുടെ കരാര്‍ അവസാനിച്ചതിനാലാണ് പുതിയ കമ്പനിക്ക് അനുമതി നല്‍കിയത്. വിമാനത്താവള റോഡ് കൊളത്തൂര്‍ മുതല്‍ വിമാനത്താവളം കവാടം വരെയും, കുറുപ്പത്ത് ജങ്ഷന്‍ മുതല്‍ കൊണ്ടോട്ടി 17 ബൈപാസ് വരെയുമുള്ള റോഡിന്റെ മീഡിയനിലാണ് വൈദ്യുത തൂണുകള്‍ സ്ഥാപിക്കുക. ഒരു തൂണില്‍ രണ്ട് ഭാഗത്തേക്കുമായി ഫഌറിസം ലാംപുകള്‍ സ്ഥാപിച്ച് പ്രകാശ പൂരിതമാക്കാനാണ് കരാര്‍. വൈദ്യുത തൂണുകള്‍ സ്ഥാപിക്കുന്നത് മുതല്‍ എട്ടുവര്‍ഷം വൈദ്യുത ബില്ലുകള്‍ അടയ്ക്കുന്നതുവരെ കരാര്‍ കമ്പനിയുടെ ചുമതലയാണ്. കമ്പനിക്ക് പരസ്യങ്ങള്‍ സ്ഥാപിച്ച് പണം കണ്ടെത്താം. എട്ട് വര്‍ഷത്തിനുശേഷം സ്ഥാപിച്ച വൈദ്യുത തൂണുകള്‍ നഗരസഭയുടേതാവും. ഇവ പിന്നീട് ലേലത്തില്‍ വിളിച്ച് നടത്തിപ്പിന് നല്‍കാനാണ് തീരുമാനം.    കൊണ്ടോട്ടി ഗ്രാമപ്പഞ്ചായത്ത് 10 വര്‍ഷത്തേക്കാണ് എറണാംകുളം ആസ്ഥാനമായുള്ള കമ്പനിക്ക്് നേരത്തെ വിമാനത്താവള റോഡില്‍ തെരുവിളക്കുകളുടെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍, തൂണുകള്‍ ദിനേന മുറിഞ്ഞുവീണ് അപകടം പതിവായിട്ടും കരാറുകാര്‍ സ്ഥലത്തെത്തുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിരുന്നില്ല.  ഇതോടെയാണ് കരാര്‍ നിലവിലെ കമ്പനിയുടേത് അവസാനിപ്പിച്ച് പുതിയ കമ്പനിക്ക് നല്‍കിയത്.
Next Story

RELATED STORIES

Share it