thrissur local

കരിങ്ങോള്‍ച്ചിറ പാലത്തിന് സ്ലൂയിസ് സംവിധാനമില്ലെന്ന് അധികൃതര്‍

മാള: കരിങ്ങോള്‍ച്ചിറ പാലത്തിന് സ്ലൂയിസ് സംവിധാനമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കരിങ്ങോള്‍ച്ചിറ പാലം പുനരാരംഭിക്കുന്നത് വരെ നീണ്ടുനില്‍ക്കുന്ന സമരപരിപാടികളുടെ ഭാഗമായി ഇന്നലെ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നില്‍ നടത്തിയ ജനകീയ ധര്‍ണയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജെറീനയുമായി നടത്തിയ ചര്‍ച്ചയിലാണ് പാലത്തിന് സ്ലൂയീസ് സംവിധാനം ഇെല്ലന്ന് വ്യക്തമായത്. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം കൊടുത്ത സമയത്ത് സ്ലൂയിസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പണിയല്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു. സ്ലൂയീസ് സംവിധാനം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്ന ജോലിയാണ്.  പൊതുമരാമത്തിന്റെ ഔദ്യോഗികരേഖകളില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റെഗുലേറ്റര്‍ സംവിധാനവും ചെയ്യേണ്ടത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്. കരിങ്ങാച്ചിറ പാലം പൂര്‍ത്തിയായാല്‍ ജലനിരപ്പ് പ്രാകൃതരീതിയില്‍ പലകയിട്ട് ചെളിനിറച്ച് നിയന്ത്രിക്കുന്ന തടയണ സംവിധാനമായിരിക്കും ഇവിടെ നടപ്പിലാക്കേണ്ടി വരിക. ഈ സാഹചര്യത്തില്‍ കരിങ്ങോള്‍ച്ചിറ പാലം നിര്‍മാണ പദ്ധതിയെപ്പറ്റി ബന്ധപ്പെട്ടവര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്ന് ജനകീയ ധര്‍ണ ആവശ്യപ്പെട്ടു. കൂടാതെ സമരസമിതി പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് പാലം നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. പാലം അവസാനിക്കുന്ന അപ്രോച്ച് റോഡ് നിര്‍മാണത്തിന് വഖഫ് ബോര്‍ഡ് മുന്‍കൂര്‍ നിര്‍മാണ അനുമതി നല്‍കിയെങ്കിലും അത് നിയമപരമായി അക്വയര്‍ ചെയ്യാന്‍ കലക്ടറുമായി ബന്ധപ്പെട്ട് വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മ സെക്രട്ടറി യു കെ വേലായുധന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലി സജീര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുല്‍ഫിക്കര്‍ ബൂട്ടോ, വൈസ് പ്രസിഡന്റ് സനാതനന്‍ സംസാരിച്ചു. പുത്തന്‍ചിറ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍, കൂട്ടായ്മ ഭാരവാഹികളായ സി എം റിയാസ്, ശങ്കരന്‍കുട്ടിമേനോന്‍, അഷ്‌റഫ് വൈപ്പിന്‍കാട്ടില്‍, സിജില്‍ കരിങ്ങാച്ചിറ, സുബൈര്‍, അന്‍സാര്‍, രവീന്ദ്രന്‍ തെക്കേടത്ത്, റാബിയ ടീച്ചര്‍, അബ്ദുല്‍ മജീദ്, രമൃ, കുഞ്ഞുമുഹമ്മദ് നേതൃത്വം നല്‍കി. കരിങ്ങോള്‍ച്ചിറയില്‍ നടക്കുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്നലെ അശ്‌റഫ് കടുപ്പൂക്കര, ഹംസ പിണ്ടാണി എന്നിവര്‍ നിരാഹാരസമരം ഇരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കരിങ്ങോള്‍ച്ചിറയിലെ സമരപ്പന്തലില്‍ മതസൗഹാര്‍ദ സമ്മേളനം നടക്കും.
Next Story

RELATED STORIES

Share it