kozhikode local

കരാറുകാരുടെ പണിമുടക്ക്: കുടിവെള്ള വിതരണം അവതാളത്തില്‍

വടകര: വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കരാറുകാരുടെ പണിമുടക്ക് മൂലം താലൂക്കിലെ കുടിവെള്ള വിതരണം മുഴുവനായി അവതാളത്തിലായി. കഴിഞ്ഞ പത്ത് ദിവസമായി താലൂക്കിന്റെ വിവിധ മേഖലയിലെ കുടിവെള്ളം മുടങ്ങിയിട്ട്. വേനല്‍ കടുത്ത സാഹചര്യത്തില്‍ കടിവെള്ള വിതരണം നിലച്ചതോടെ ഏറെ പ്രയാസപ്പെടുതയാണ് താലൂക്ക് നിവാസികള്‍.
നേരത്തെ ലഭിക്കേണ്ട കുടിശിക മുഴുവനായി ലഭിക്കാത്തതാണ് കരാറുകാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. താലൂക്കിലെ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ പത്തോളം കരാറുകാരാണുള്ളത്. പല സ്ഥലങ്ങളിലായി നടത്തിയ മെയിന്റിനന്‍സ് പ്രവൃത്തികളുടെ കുടിശിക വന്‍ തോതില്‍ ലഭിക്കാനുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്. ഇത് പല തവണ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്നും കരാറുകാര്‍ പറഞ്ഞു. എന്നാല്‍ കുടിശിക ലഭ്യമാക്കാനുള്ള നടപടികള്‍ എടുക്കേണ്ടത് ഇന്നത അധികാരികളാണെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. നല്‍കിയ പരാതിയില്‍ ഇതുവരെ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച നീണ്ട കരാറുകാരുടെ പണിമുടക്ക് ഇതുവരെ പരിഹരിക്കാന്‍ നടപടിയായില്ല.
അതേസമയം പൈപ്പുകള്‍ പൊട്ടിയത് പരിഹരിക്കാന്‍ കരാറുകാരില്ലാത്തതിനാല്‍ താലൂക്കിലെ മിക്ക സ്ഥലങ്ങളിലും ജലവിതരണം മുടങ്ങിക്കിടക്കുകയാണ്. വെള്ളം വിതരണം ചെയ്യാനുള്ള ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പുകളും, വിതരണ പൈപ്പുകളുമാണ് പൊട്ടിക്കിടക്കുന്നത്. പൈപ്പുകള്‍ പൊട്ടുന്ന പ്രശ്‌നം രൂക്ഷമായ വടകരയിലാണ് കുടിവെള്ള പ്രശ്‌നം ഏറെ ബാധിച്ചിരിക്കുന്നത്. വിഷണുമംഗലം, ഗുളികപ്പുഴ എന്നീ പദ്ധതിയിലൂടെയാണ് താലൂക്കില്‍ കുടിവെള്ള വിതരണം നടത്തുന്നത്. വടകര ബീച്ച് തൂടങ്ങീ അഴിയൂര്‍, ഏറാമല, ചോറോട്, വില്യാപ്പള്ളി, പുറമേരി എന്നീ പഞ്ചായത്തുകളിലേക്ക് വിഷ്ണുമംഗലം പദ്ധതി വഴിയും, വടകരയിലെ മറ്റു ഭാഗങ്ങളിലേക്ക് ഗുളികപ്പുഴ പദ്ധതി വഴിയുമാണ് ജല വിതരണം നടത്തുന്നത്.
കുടിവെള്ള വിതരണം മുടങ്ങിയ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന മറ്റൊരു പ്രദേശം തീരദേശമാണ്. ഏകദേശം പത്ത് ദിവസത്തോളമായി ഇവിടെ വെള്ളം വിതരണം നിലച്ചിട്ട്. ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് തീരദേശവാസികള്‍. നിലവില്‍ വേനല്‍ ആരംഭിച്ചതോടെ തീരദേശത്തെ കിണറുകളെല്ലാം വറ്റിത്തുടങ്ങിയിട്ടുണ്ട്. ചില കിണറുകളില്‍ ഉപ്പുരസവും കയറി. മറ്റു ജലസ്രോതസ്സും പകുതിയോളം നിലച്ച സമയത്ത് ശുദ്ധജല വെള്ളം വിതരണം കൂടി മുടങ്ങിയതോടെ പൂര്‍ണ്ണമായി കുടിവെള്ളം മുട്ടിയ നിലയിലാണ് തീരദേശത്ത്. കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ വിവിധ സംഘടനകളും മറ്റും എത്തിക്കുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയേണ്ട സ്ഥിതിയാണ് ഇവിടത്തുകാര്‍ക്ക്.
അതേസമയം ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന ജല വിതരണ പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. വടകര നഗരത്തില്‍ മിക്കയിടത്തും പൈപ്പ് പൊട്ടിയ പ്രശ്‌നം രൂക്ഷമായി തന്നെ തുടരുകയാണ്. ഇത് പല തവണ നഗരസഭ അധികൃതര്‍ തന്നെ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം ഓര്‍ക്കാട്ടേരി, ഏറാമല തുടങ്ങിയ പഞ്ചായത്തുകളിലും സമാന പ്രശ്‌നം നിലനില്‍ക്കുകയാണ്.
കരാറുകാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടല്‍ വേണമെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തിയാല്‍ മാത്രമെ കുടിശിക നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാര്‍ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍, സ്ഥലം എംപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it